ദുബായ് : ഒട്ടേറെ സംരംഭങ്ങൾക്കും തൊഴിലവസരങ്ങൾക്കും വഴിയൊരുക്കുന്ന ഇന്ത്യ-യുഎഇ സ്വതന്ത്ര വ്യാപാര കരാർ കോവിഡാനന്തര കാലഘട്ടത്തിലെ സാമ്പത്തിക മുന്നേറ്റത്തിൽ നിർണായകമാകുമെന്ന് പ്രതീക്ഷ.
ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ-വ്യാപാര ഇടപാടുകൾ വർധിക്കുന്നതിനൊപ്പം വിപണിയിൽ കൂടുതൽ നേട്ടങ്ങൾക്കു വഴിയൊരുക്കുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയലും യുഎഇ വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സിയൂദിയും വ്യക്തമാക്കിയതോടെ ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് അവസരങ്ങളേറെ.
കരാർ ഒപ്പുവച്ച് 5 വർഷത്തിനകം ഇരുരാജ്യങ്ങൾക്കുമിടയിലുള്ള വാണിജ്യ-വ്യാപാര ഇടപാട് 10,000 കോടി ഡോളറിനു മുകളിലെത്തിക്കുകയാണു ലക്ഷ്യം. വിവിധ സേവനങ്ങളുമായി ബന്ധപ്പെട്ട വ്യാപാരത്തിൽ 1,500 കോടി ഡോളറിന്റെ ഇടപാടും പ്രതീക്ഷിക്കുന്നു.
അടുത്ത മാർച്ചിൽ കരാർ ഒപ്പുവയ്ക്കാനാണ് ന്യൂഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിലെ ധാരണ. കൂടുതൽ നിക്ഷേപകരെ ആകർഷിക്കുകയും സാധ്യതകൾ കണ്ടെത്തുകയും ചെയ്യുക, നിക്ഷേപപദ്ധതികളുടെ സമഗ്രരൂപരേഖയുണ്ടാക്കുക, നിക്ഷേപകർക്കു മാർഗനിർദേശങ്ങൾ നൽകുക, നിക്ഷേപനിധി കണ്ടെത്തുകയും വിനിയോഗത്തിനുള്ള മാർഗരേഖകൾ തയാറാക്കുകയും ചെയ്യുക തുടങ്ങിയവ ഇതിന്റെ ഭാഗമാണ്. കയറ്റുമതിയിലും കരാറിന്റെ ഗുണം പ്രതിഫലിക്കും.
ലോഹങ്ങൾ, വജ്ര-സ്വർണാഭരണങ്ങൾ, ധാതുക്കൾ, ധാന്യങ്ങൾ, പഴം-പച്ചക്കറികൾ, തേയില, മാംസം, കടൽവിഭവങ്ങൾ, യന്ത്രഘടകങ്ങൾ, രാസവസ്തുക്കൾ, മര ഉൽപന്നങ്ങൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിൽ നിന്നു യുഎഇയിലേക്കു കയറ്റുമതി ചെയ്യുന്നത്. പെട്രോളിയം, വജ്ര-സ്വർണ ആഭരണങ്ങൾ, രാസവസ്തുക്കൾ തുടങ്ങിയവ ഇന്ത്യയിലേക്ക് തിരിച്ച് ഇറക്കുമതി ചെയ്യുന്നു.
ഗതാഗതം, റിയൽ എസ്റ്റേറ്റ്, ഊർജം തുടങ്ങിയ മേഖലകളിൽ ഇന്ത്യയിൽ യുഎഇ കൂടുതൽ നിക്ഷേപം നടത്തുകയാണ്. റെയിൽവേ, റോഡ് മേഖലകളിൽ പരസ്പരം നിക്ഷേപം നടത്താനും സഹകരിക്കാനും സാങ്കേതിക വിദ്യകൾ കൈമാറാനും നേരത്തേ ധാരണയായിട്ടുണ്ട്.
ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് കൂടുതൽ അവസരങ്ങളൊരുങ്ങുന്നതും കയറ്റുമതിയിലുണ്ടാകുന്ന വർധനയും സംസ്ഥാനങ്ങളുടെ വളർച്ചനിരക്ക് വർധിപ്പിക്കുമെന്ന് ഐബിഎംസി സിഇഒയും എംഡിയുമായ പി. കെ. സജിത് കുമാർ പറഞ്ഞു. ഡിജിറ്റൈസേഷന് ഇരുരാജ്യങ്ങളും ഏറെ പ്രാധാന്യം നൽകുന്നതിനാൽ ഈ രംഗത്തും കുതിപ്പ് പ്രതീക്ഷിക്കാം.
ആരോഗ്യം, ബഹിരാകാശം, നക്ഷത്രശാസ്ത്ര പഠനം, ടൂറിസം, ബാങ്കിങ്, വാർത്താവിനിമയം എന്നിങ്ങനെ എല്ലാ മേഖലകളിലും ഡിജിറ്റൈസേഷൻ വിപ്ലവകരമായ മുന്നേറ്റത്തിനു വഴിയൊരുക്കും.
യുഎഇ അടുത്തിടെ പ്രഖ്യാപിച്ച ഗ്രീൻ, ഫ്രീലാൻസ് വീസകൾ നിക്ഷേപകരെ ആകർഷിക്കും. കംപ്യൂട്ടർ പ്രോഗ്രാമിങ്ങിൽ ഒരു ലക്ഷം വിദഗ്ധരെ സജ്ജമാക്കി 5 വർഷത്തിനകം 1,000 ഡിജിറ്റൽ കമ്പനികൾ തുടങ്ങാനുള്ള പദ്ധതിയും 50 വർഷത്തെ കർമപരിപാടികളും ഒട്ടേറെ തൊഴിലവസരങ്ങളുണ്ടാക്കും.
ഇരു രാജ്യങ്ങൾക്കും രാജ്യാന്തര വിപണിയിൽ കൂടുതൽ അവസരങ്ങൾ ലഭിക്കും. മൊത്തം ആഭ്യന്തര ഉൽപാദനം വർധിക്കും. മെഡിക്കൽ മേഖലയിലും കൂടുതൽ സംരംഭങ്ങൾക്ക് അവസരമൊരുങ്ങി.
ഔഷധങ്ങളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും നിർമാണം ഊർജിതമാക്കി. പുതിയ സാങ്കേതിക വിദ്യകളും വികസിപ്പിച്ചു. ഇതും സാമ്പത്തിക മുന്നേറ്റത്തിനു വഴിയൊരുക്കും. തന്ത്രപ്രധാന സഹകരണത്തിൽ കൂടുതൽ രാജ്യങ്ങളുടെ പങ്കാളിത്തത്തിന് എക്സ്പോ അവസരമൊരുക്കുമെന്നും വ്യക്തമാക്കി.
India-UAE Free Trade Agreement paves the way for ventures and employment