Feb 11, 2025 04:10 PM

ദുബായ് : (gcc.truevisionnews.com) ദുബായ് പൊതു ​ഗതാ​ഗതത്തിന്റെ മുഖം മിനുക്കാൻ റെയിൽ ബസ് പദ്ധതിയുമായി റോഡ് ​ഗതാ​ഗത അതോറിറ്റി. മദീനത്ത് ജുമൈറയിൽ നടക്കുന്ന വേൾഡ് ​ഗവൺമെന്റ് ഉച്ചകോടിയിലാണ് ത്രീ ഡി പ്രിന്റഡ് ആയ റെയിൽ ബസ് വാഹനം പ്രദർശനത്തിന് വെച്ചത്.

ലോകത്തിലെ സ്മാർട്ട് സിറ്റിയാകാനുള്ള ദുബായുടെ പ്രവർത്തനങ്ങളിൽ റെയിൽ ബസ് പദ്ധതി സുപ്രധാന നാഴികക്കല്ലാകും. പൂർണമായും സൗരോർജത്തിൽ ഓടുന്ന റെയിൽ ബസിന് 40 യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുണ്ട്.

മണിക്കൂറിൽ 100 കിലോമീറ്റർ വേ​ഗത്തിൽ ഓടുന്ന ബസിന് 2.9 മീറ്റർ ഉയരവും 11.5 മീറ്റർ നീളവും ഉണ്ടായിരിക്കും. ഇതൊരു ഡ്രൈവറില്ലാ വാഹനമാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

ന​ഗരത്തിന്റെ പൊതു ​ഗതാ​ഗത മേഖലയിൽ 25 ശതമാനമെങ്കിലും ഡ്രൈവറില്ലാത്ത വാഹനങ്ങൾ അവതരിപ്പിക്കുക എന്ന ദുബായുടെ അഭിലാഷങ്ങളുമായി യോജിക്കുന്നതാണ് റെയിൽ ബസ് പദ്ധതി. രണ്ട് നിരകളിലായി സജ്ജീകരിച്ചിരിക്കുന്ന ഇരിപ്പിടങ്ങളിൽ ഭിന്നശേഷിക്കാർക്കായി പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്.

സമൂഹത്തിലെ എല്ലാ വിഭാ​ഗത്തിലുള്ളവർക്കും ഒരുപോലെ പദ്ധതി ഉപയോ​ഗപ്പെടേണ്ടതിന്റെ ആവശ്യകതയാണ് ഇതിലൂടെ വ്യക്തമാകുന്നത്. സീറ്റുകൾക്ക് മുകളിലായി സ്ക്രീനുകൾ വെച്ചിട്ടുണ്ട്. ഇതിലൂടെ അടുത്ത സ്റ്റോപ്പ്, സമയം, കാലാവസ്ഥ തുടങ്ങിയ വിവരങ്ങൾ തത്സമയം അറിയാൻ കഴിയും.

യാത്രക്കാർക്കുള്ള സുരക്ഷ നിർദേശങ്ങൾ സീറ്റിന്റെ ഇരു വശങ്ങളിലും സ്ഥാപിച്ചിട്ടുമുണ്ട്. എലിവേറ്റഡ് ട്രാക്കുകളിലൂടെയാണ് റെയിൽ ബസിന്റെ സഞ്ചാരം. കൂടാതെ, ദുബായിലെ മറ്റ് പൊതു​ഗതാ​ഗത സംവിധാനങ്ങളുമായി ഇതിനെ സംയോജിപ്പിക്കുകയും ചെയ്യും.

ഇത് തടസ്സരഹിതമായ യാത്ര ഉറപ്പാക്കുന്നു. പാരിസ്ഥിതിക ആഘാതങ്ങൾ കുറക്കുന്ന ഈ പദ്ധതി വരുന്നതോടെ ദുബായ് ന​ഗരത്തിന്റെ പൊതു ​ഗതാ​ഗത സംവിധാനത്തിന്റെ മുഖച്ഛായ തന്നെ മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.



#driver #accommodate #people #single #trip #Dubai #rail #project

Next TV