ദുബൈ: യുഎഇയിൽ ഇന്ന് പലയിടത്തും ശക്തമായ പൊടിക്കാറ്റിന് സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൂടാതെ വടക്കു കിഴക്കൻ പ്രദേശങ്ങളിലും തീരദേശ മേഖലകളിലും മേഘാവൃതമായ അന്തരീക്ഷവുമായിരിക്കും.
ഇന്ന് താപനിലയിൽ ക്രമാതീതമായ കുറവുണ്ടാകുമെന്നും പകൽ സമയങ്ങളിൽ മഴക്ക് സാധ്യതയുള്ളതായും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. അൽ ദഫ്ര മേഖലയിലെ ഹംറയിൽ നിന്ന് മഹ്മിയത്ത് അൽ സുഖൂറിലേക്കുള്ള ശൈഖ് ഖലീഫ ഇന്റർനാഷണൽ റോഡിൽ ശക്തമായ പൊടിക്കാറ്റുണ്ടാകും.
ഈ പ്രദേശത്ത് അതുകൊണ്ടുതന്നെ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. പൊടിക്കാറ്റിന്റെ സാന്നിധ്യമുള്ള പ്രദേശങ്ങളിൽ ദൂരക്കാഴ്ചക്ക് മങ്ങലേൽക്കുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അറേബ്യൻ ഗൾഫ് കടൽ വളരെ പ്രക്ഷുബ്ദമായതിനാൽ ബീച്ച് പരിസരങ്ങളിൽ വിനോദ പരിപാടികളിൽ ഏർപ്പെടാൻ പദ്ധതിയിട്ടിട്ടുള്ള താമസക്കാർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നിർദേശത്തിൽ പറയുന്നുണ്ട്.
ഇന്ന് അനുഭവപ്പെടുന്ന ഏറ്റവും കൂടിയ താപനില 16 മുതൽ 21 ഡിഗ്രി സെൽഷ്യസ് വരെയും കുറഞ്ഞ താപനില 15 മുതൽ 20 ഡിഗ്രി സെൽഷ്യസ് വരെയുമായിരിക്കും. കൂടാതെ മണിക്കൂറിൽ 45 കിലോമീറ്റർ വേഗത്തിൽ വീശുന്ന കാറ്റിനും സാധ്യതയുണ്ടാകും.
#Orange #and #yellow #alerts #have #been #issued #heavy #dust #storms #likely #UAE