മനാമ: ബഹ്റൈനിൽ ശൈത്യം കനക്കുന്നു. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും താപനില ക്രമാതീതമായി കുറയുകയാണ്. ഏറ്റവും കൂടിയ തണുപ്പ് രേഖപ്പെടുത്തിയിരിക്കുന്നത് 15 ഡിഗ്രി സെൽഷ്യസാണ്.
റാശിദ് ഇക്വസ്ട്രിയൻ ആൻഡ് ഹോഴ്സ് റേസിങ് ക്ലബിലാണ് ഇത് രേഖപ്പെടുത്തിയത്. ഈ മേഖലയിൽ കാറ്റിന്റെ സാന്നിധ്യവുമുള്ളതിനാൽ വലിയ രീതിയിൽ തണുപ്പ് അനുഭവപ്പെടുന്നുമുണ്ട്. അതേസമയം ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലും 15 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
രാജ്യത്തുടനീളം ശക്തമായ ശീതക്കാറ്റിന്റെ സാന്നിധ്യവും ഉണ്ട്. കിങ് ഫഹദ് കോസ് വേ, ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളം, റാശിദ് ഇക്വസ്ട്രിയൻ ആൻഡ് ഹോഴ്സ് റേസിങ് ക്ലബ്, ബഹ്റൈൻ സർവ്വകലാശാല, ദുറാത് അൽ ബഹ്റൈൻ, സിത്ര, ആലി, ബുദയ്യ എന്നിവിടങ്ങളിലാണ് കാറ്റിന്റെ ശക്തി കൂടുതലായിട്ടുള്ളത്.
ഇവിടങ്ങളിൽ കനത്ത തണുപ്പാണ് അനുഭവപ്പെടുന്നത്. ശക്തമായ ശീതക്കാറ്റിനെതിരെ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്ന് പൗരന്മാരോടും താമസക്കാരോടും കാലാവസ്ഥ അതോറിറ്റി അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
ഔദ്യോഗിക പോർട്ടലുകളിലൂടെയുള്ള കാലാവസ്ഥ വിവരങ്ങൾ പിന്തുടരണമെന്നും നിലവിലെ സ്ഥിതി ഗതികൾ നിരീക്ഷിച്ച് വരികയാണെന്നും അധികൃതർ അറിയിച്ചു.
#temperature #is #dropping #wind #is #blowing #chilling #Bahrain