Featured

അബ്ദുൾ റഹീം മോചനക്കേസ് നാളെ; പ്രതീക്ഷയോടെ കുടുംബവും സഹായ സമിതിയും

News |
Mar 2, 2025 12:57 PM

റിയാദ്: (gcc.truevisionnews.com) സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ റിയാദിൽ ജയിലിൽ കഴിയുന്ന ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്‌ദുൾ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട കേസ് നാളെ വീണ്ടും പരിഗണിക്കും.

വധശിക്ഷ റദ്ദ് ചെയ്തതിന് ശേഷം ഇത് ഒൻപതാം തവണയാണ് കേസ് പരിഗണിക്കുന്നത്.ദയാധനം സ്വീകരിച്ച് മാപ്പ് നൽകാൻ കൊല്ലപ്പെട്ട ബാലൻ്റെ കുടുംബം തയ്യാറായതിൽ പിന്നെ കഴിഞ്ഞ റമദാൻ മാസത്തിൻ്റെ അവസാനത്തിലാണ് 34 കോടിയെന്ന വലിയ തുക സമാഹരിക്കാൻ തുടങ്ങിയത്.

ലോക മലയാളികൾ കൈകോർത്തത്തോടെ ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ ഫണ്ട് ശേഖരിക്കാൻ സാധിച്ചു. പിന്നീട് ഇന്ത്യൻ എംബസി കോടതി വഴി കുടുംബത്തിന് ഫണ്ട് കൈമാറുകയും കുടുംബം മാപ്പ് നൽകിക്കൊണ്ടുള്ള രേഖകൾ കോടതിക്ക് കൈമാറുകയുമായിരുന്നു.

ഇതേ തുടർന്ന് സ്വകാര്യ അന്യായത്തിൻ മേലുള്ള കേസിൽ വധ ശിക്ഷ റദ്ദാക്കി കൊണ്ട് 2024 ജൂലൈ രണ്ടിന് കോടതി ഉത്തരവ് പുറപ്പെടുവിക്കുകയും പബ്ലിക് റൈറ്റ് പ്രകാരമുള്ള കേസ് തുടരുകയുമായിരുന്നു. തുടർന്ന് കഴിഞ്ഞ എട്ടു തവണയും വിവിധ കാരണങ്ങളാൽ കേസ് മാറ്റി വെക്കപ്പെട്ടു.

കേസ് വിശദമായി പരിശോധിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ സിറ്റിങ്ങിൽ മാറ്റി വെച്ചത്. നാളെ രാവിലെ 10ന്‌ പരിഗണിക്കുന്ന കേസ് റമദാൻ മാസത്തിൻ്റെകൂടി സാഹചര്യത്തിൽ മോചന ഉത്തരവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ലോക മലയാളി സമൂഹവും കുടുംബവും റിയാദിലെ സഹായ സമിതിയും.

മോചനവുമായി ബന്ധപ്പെട്ട് ഗവർണറേറ്റിന്റെ പ്രതികരണം ആരായാനായാണ് അവസാന സിറ്റിങ്ങിൽ കേസ് മാറ്റിയതെന്ന റിയാദ് നിയമ സഹായ സമിതിയുടെ പ്രതികരണം കൂടുതൽ പ്രതീക്ഷ നൽകുന്നുണ്ട്.

കഴിഞ്ഞ മാസം രണ്ടിന് കേസ് പരിഗണിച്ച റിയാദ് ക്രിമിനൽ കോടതി സൂക്ഷ്‌മ പരിശോധനക്കായി ഡിവിഷൻ ബഞ്ച് പരിഗണിക്കണം എന്ന് നിർദേശിച്ചിരുന്നു. ഡിവിഷൻ ബഞ്ച് ആദ്യമായി പരിഗണക്ക് എടുത്ത ദിവസം തന്നെ വീണ്ടും മാറ്റിവയ്ക്കുകയായിരുന്നു.

റഹീമിന്റെ സ്‌പോൺസറുടെ ഭിന്നശേഷിക്കാരനായ മകൻ അനസ് അൽ ശാഹിരി മരിക്കാനിടയായ കേസിൽ വധശിക്ഷ വിധിച്ച് റിയാദ് ഇസ്കാനിലെ ജയിലിൽ 18 വർഷം പിന്നിടുമ്പോഴാണ് കുടുംബം 34 കോടി രൂപ സ്വീകരിച്ച് മാപ്പ് നൽകാൻ തയ്യാറായത്. ദിയാ ധനം നൽകി വീണ്ടും ഒരുവർഷം പിന്നിടുന്നു.

ഒക്‌ടോബർ 21ന്‌ മോചന ഹർജി പരിഗണിച്ച ബഞ്ച് വധശിക്ഷ റദ്ദാക്കിയ ബഞ്ച് തന്നെ വിധി പറയണമെന്ന് ചൂണ്ടിക്കാട്ടി കേസ് മാറ്റിവച്ചു. നവംബർ 17ന് വീണ്ടും പരിഗണിച്ചപ്പോൾ പ്രോസിക്യൂഷന്റെ സത്യവാങ്മൂലം വിശദമായി പഠിക്കണമെന്ന് ചൂണ്ടിക്കാട്ടി കേസ് മാറ്റി.

ഡിസംബർ എട്ടിന് പ്രതിഭാഗത്തിന്റെ വാദം കേട്ട കോടതി, വിധി പറയാൻ ഡിസംബർ പന്ത്രണ്ടിലേക്ക് മാറ്റിയെങ്കിലും അന്നും വിധിയുണ്ടായില്ല. തുടർന്ന് ഡിസംബർ 30, ജനുവരി 16, ഫെബ്രുവരി രണ്ട്‌ എന്നിങ്ങനെ കേസ് മാറ്റിയിരുന്നു.

പബ്ലിക്‌ റൈറ്റ് അനുസരിച്ചുള്ള കേസാണ് ഇപ്പോൾ നടക്കുന്നത്. വർഷങ്ങളായി ജയിലിൽ കഴിയുന്നു എന്നുള്ളതും മറ്റ് കേസുകളിൽ റഹീം പ്രതിയല്ല എന്നതും കൊല്ലപ്പെട്ട ബാലനുമായി മുൻവൈരാഗ്യം ഇല്ലായെന്നതും റഹീമിന് വേണ്ടി അഭിഭാഷകൻ കോടതിയിൽ വാദിച്ചു.

2006 നവംബർ 28ന് 26-ാം വയസിൽ റിയാദിലെത്തിയ അബ്‌ദുൾ റഹീം, ഡിസംബർ 24ന് ഉണ്ടായ സംഭവത്തിലാണ് ജയിലിലടയ്‌ക്കപ്പെടുന്നത്‌. വധശിക്ഷ റദ്ദാക്കിയശേഷം കഴിഞ്ഞ നവംമ്പർ 12ന് ഉമ്മയും സഹോദരനും അമ്മാവനും റിയാദ് ഇസ്‌കാനിലുള്ള ജയിലിലെത്തി റഹീമിനെ നേരിൽ കണ്ടിരുന്നു.

#AbdulRahim #release #case #tomorrow #Hopeful #family #support #committee

Next TV

Top Stories