Mar 9, 2025 07:32 AM

ദുബായ്: (gcc.truevisionnews.com) ന​ഗരത്തിലെ നിരത്തുകളിലൂടനീളം എഐ ക്യമാറ സ്ഥാപിച്ച് ദുബായ്. 17 നിയമലംഘനങ്ങൾ കണ്ടുപിടിക്കാൻ ഈ ക്യാമറകൾക്കാവുമെന്ന് ദുബായ് പൊലീസ് വ്യക്തമാക്കി.

വാഹനത്തിന്റെ ​ഗ്ലാസുകൾ ടിന്റഡ് ആണെങ്കിലും കറുത്ത വസ്ത്രം ധരിച്ചാലുമൊന്നും രക്ഷയില്ല, യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ എഐ ക്യാമറ അത് കണ്ടെത്തും. ഏത് പ്രതികൂലസാഹചര്യത്തിലും വസ്ത്രവും സീറ്റ് ബെൽറ്റും തമ്മിലുള്ള വ്യത്യാസം കണ്ടെത്താൻ കഴിയുന്ന റഡാറുകളാണ് ക്യാമറയിൽ ഉള്ളത്.

ശബ്ദം കൂട്ടാൻ എൻജിനിൽ ഭേ​ദ​ഗതി വരുത്തിയാലും പിടിക്കപ്പെടും. കൈകളുടെ ചലനം നിരീക്ഷിച്ച് മൊബൈൽ ഫോൺ ഉപയോ​ഗിക്കുന്നുണ്ടോയന്ന് കണ്ടെത്താനും ക്യാമറകൾക്ക് കഴിയും. ഇത്തരത്തിൽ 17 നിയമലംഘങ്ങൾ എഐ ക്യാമറകൾക്ക് കണ്ടെത്താനാകുമെന്ന് ദുബായ് പൊലീസ് അറിയിച്ചു.

നിയമലംഘനം കണ്ടെത്തിയാൽ അതിന്റെ ഫോട്ടോയോ 10 സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യങ്ങളോ പകർത്തി പിഴ ചുമത്തും. ക്യാമറയ്ക്ക് തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ ദുബായ് പൊലീസിന്റെ ആപ് മുഖേന പരാതിപ്പെടാം.

ഇൻഫ്രാ റെഡ് ഇമേജിങ് ടെക്നോളജിയാണ് ഫോട്ടോയെടുക്കാനായി ഉപയോ​ഗിക്കുന്നത്. യാത്രക്കാരുടെ വ്യക്തമായ ചിത്രങ്ങളെടുക്കാൻ ഇത് സഹായിക്കുമെന്ന് ദുബായ് പൊലീസിലെ ട്രാഫിക് ടെക്നോളജീസ് വകുപ്പ് ഡയറക്ടർ ബ്രി​ഗേഡിയർ മുഹമ്മദ് അലി കരാം അറിയിച്ചു.

കഴിഞ്ഞ മൂന്ന് വർഷം വിവിധയിടങ്ങളിൽ പരീക്ഷിച്ച് പ്രവർത്തനം ഫലപ്രദമാണെന്ന് ഉറപ്പ് വരുത്തിയശേഷമാണ് എമിറേറ്റിലുടനീളം ഇവ സ്ഥാപിച്ചത്. എന്നാൽ എവിടെയൊക്കെയാണ് ഇവ സ്ഥാപിച്ചിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കിയില്ല.

മിക്ക ക്യാമറകളും നിർമിത ബുദ്ധിയുടെ സഹായത്തോടെയാണ് പ്രവർത്തിക്കുന്നതെന്നും പൊലീസ് അറിയിച്ചു. 400 ദിർഹവും നാല് ബ്ലാക് പോയിറ്റുമാണ് സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിലുള്ള പിഴ. എൻജിന്റെ ശബ്ദം 95 ഡെസിബലിൽ കൂടിയാൽ 2000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിറ്റുകളും ചുമത്തും.

അമിതവേ​ഗത്തിന് 300 മുതൽ 3000 ദിർ​ഹം വരെയാണ് പിഴ. വാഹനം പിടിച്ചെടുക്കുകയും ബ്ലാക് പോയിറ്റ് ചുമത്തുകയും ചെയ്യും. മൊബൈൽ ഫോൺ ഉപയോ​ഗിച്ചാൽ 800 ദിർഹം പിഴയ്ക്കൊപ്പം 4 ബ്ലാക്ക് പോയിറ്റുകളും ചുമത്തും. വർഷത്തിൽ 24 ബ്ലാക്ക് പോയിറ്റിൽ കൂടിയാൽ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും.

#Dubai #installs #cutting #edge #AIcameras #capture #roadviolations

Next TV

Top Stories










News Roundup






Entertainment News