മനാമ: (gcc.truevisionnews.com) കാറിന്‍റെ ഡോറിൽ തൂങ്ങിപ്പിടിച്ച് റോഡിൽ തലയടിച്ചു വീണ് യുവതി മരിച്ച സംഭവത്തിൽ അറബ് പൗരനെ ഏഴ് വർഷത്തെ തടവിന് വിധിച്ച് കോടതി. ശിക്ഷാ കാലയളവിനുശേഷം പ്രതിയെ നാടുകടത്തുകയും ചെയ്യും.
കഴിഞ്ഞ ഡിസംബർ ആറിനാണ് കേസിനാസ്പദമായ സംഭവം. അന്നേ ദിവസം രാത്രി യുവതിയും മറ്റു രണ്ട് പേരും അറബ് പൗരന്‍റെ കാറിൽ ലിഫ്റ്റ് ചോദിച്ചത് മുതലാണ് പ്രശ്നങ്ങൾക്ക് തുടക്കമാകുന്നത്.
മൂന്ന് ദീനാർ യാത്രാക്കൂലിയായി ആവശ്യപ്പെട്ട ഡ്രൈവറോട് ദൂരം കുറവാണെന്നും അത്രയും ദീനാർ തരാൻ കഴിയില്ലെന്നും പറഞ്ഞതിനെതുടർന്ന് ഇരുവരും വാക്ക്തർക്കത്തിലേർപ്പെടുകയായിരുന്നു. തർക്കത്തിനിടെ, ഡ്രൈവർ സ്ത്രീകളെ അപമാനിച്ചതായും പറയപ്പെടുന്നുണ്ട്.
തർക്കിക്കുന്നതിനിടെ അറബ് പൗരൻ കാർ വേഗത്തിൽ മുന്നോട്ടെടുക്കുകയായിരുന്നു. ആ സമയം കാറിന്‍റെ ഡോറിൽ പിടിച്ചിരിക്കുകയായിരുന്ന യുവതി റോഡിൽ വലിച്ചിഴക്കപ്പെട്ടു.
തലക്കും ശരീരത്തിലും ഗുരുതരപരിക്കേറ്റ അവരെ ആശുപത്രിയിലെത്തിച്ചെങ്കിലും നാല് ദിവസത്തിനുശേഷം മരിക്കുകയായിരുന്നു. യുവതിയുടെ കൂടെയുണ്ടായിരുന്നവരാണ് സംഭവത്തെക്കുറിച്ച് പൊലീസിന് മൊഴി നൽകിയത്.
മരണത്തിലേക്ക് നയിച്ച ആക്രമണത്തിന് ഹൈ ക്രിമിനൽ കോടതി ഡ്രൈവറെ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു. സ്ത്രീ വാഹനത്തിൽ പറ്റിപ്പിടിച്ചിരിക്കുമ്പോൾ അറിഞ്ഞുകൊണ്ട് വാഹനമോടിച്ചു എന്നതാണ് അദ്ദേഹത്തിന് മുന്നിൽ ചുമത്തിയ കുറ്റം.
#Woman #dies #hitting #head #road #driver #sentenced #prison