അബുദാബി/ ദുബായ്: (gcc.truevisionnews.com) അഗ്നിബാധയുണ്ടായാൽ സ്വമേധയാ തീ കെടുത്താവുന്ന സംവിധാനം സ്കൂൾ ബസുകളിൽ നിർബന്ധമാക്കി യുഎഇ. 22 പേരിൽ കൂടുതൽ പേർക്ക് സഞ്ചരിക്കാവുന്ന യാത്രാ ബസുകളിലും സംവിധാനം നിർബന്ധം.
ദിവസേന 5 ലക്ഷം കുട്ടികളെ രക്ഷിക്കാവുന്ന സംരംഭം എല്ലാ സ്കൂൾ ബസുകളിലും നിർബന്ധമാക്കി വ്യവസായ, നൂതന സാങ്കേതിക മന്ത്രാലയം ഉത്തരവിറക്കി. പുതിയ സംവിധാനം സജ്ജമാക്കാത്ത സ്കൂൾ ബസുകൾക്ക് പെർമിറ്റ് നൽകുകയോ പുതുക്കുകയോ ചെയ്യില്ലെന്ന് എമിറേറ്റ്സ് റോഡ് ട്രാൻസ്പോർട്ട് അതോറിറ്റികളും സ്ഥിരീകരിച്ചു.
ആദ്യഘട്ടത്തിൽ സ്കൂൾ ബസുകളിലാണ് നിർബന്ധമാക്കുന്നത്. രണ്ടാം ഘട്ടത്തിൽ യാത്രാ ബസ്സുകളിലേക്കും വ്യാപിപ്പിക്കും. ഡ്രൈവർ ഉൾപ്പെടെ 22ൽ കൂടുതൽ ആളുകൾക്ക് യാത്ര ചെയ്യാൻ ശേഷിയുള്ള സിംഗിൾ, ഡബിൾ ഡെക്കർ, ആർട്ടിക്കുലേറ്റഡ് വാഹനങ്ങളെല്ലാം പുതിയ നിയമത്തിന്റെ പരിധിയിൽ വരും.
വിദ്യാർഥികളുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടി. 12 മാസത്തിനകം യുഎഇയിലെ 17,000 സ്കൂൾ ബസുകളിൽ സംവിധാനം സ്ഥാപിക്കാനാണ് നീക്കം.
#Selfcontained #fireextinguishingsystem #mandatory #schoolbus