ദോഹ: (gcc.truevisionnews.com) മദീന ഖലീഫ നോർത്ത് ഭാഗത്തുള്ള യാത്രക്കാർക്കായി ഖത്തർ റെയിൽ പുതിയ മെട്രോ ലിങ്ക് ബസ് സർവീസ് ആരംഭിച്ചു. ദോഹ മെട്രോയുടെയും ലുസൈൽ ട്രാമിന്റെയും ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടിലൂടെയാണ് മെട്രോലിങ്ക് ബസ് സർവീസിൽ പുതിയ റൂട്ട് ആരംഭിക്കുന്ന വിവരം അറിയിച്ചത്.
നാളെ മുതൽ മദീനത്ത് ഖലീഫ നോർത്ത്, ദാൽ അൽ ഹമാം, ഉംലെഖബ എന്നീ പ്രദേശങ്ങളിലേക്ക് കോർണിഷ് മെട്രോ സ്റ്റേഷനിൽ നിന്ന് പുതിയ ബസ് സർവീസ് ലഭ്യമാകും. കോർണിഷ് സ്റ്റേഷനിൽ നിന്ന് സർവീസ് നടത്തുന്ന M144 നമ്പർ ബസാണ് ഈ പ്രദേശങ്ങളിലേക്ക് സർവീസ് നടത്തുക.
ദോഹ മെട്രോ റെയിൽ സർവീസ് കൂടുതൽ പേരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഖത്തറിൽ വിവിധ ഭാഗങ്ങളിൽ നിന്ന് മെട്രോ സ്റ്റേഷനുകളിലേക്ക് സൗജന്യ ബസ് സർവീസ് ഏർപ്പെടുത്തിയിരിക്കുന്നത്. മെട്രോ കാർഡ് ഉടമകൾക്ക് ഈ സൗജന്യ ബസ് സർവീസ് ഉപയോഗിക്കാം.
മെട്രോ സ്റ്റേഷനിൽ നിന്ന് ദൂരെയുള്ള സ്ഥലങ്ങളിലേക്ക് എത്താൻ മെട്രോലിങ്ക് സർവീസുകൾ ഏറെ പ്രയോജനകരമാണ്. ഏതാനും ആഴ്ചകൾക്ക് മുൻപാണ് വക്റ മെട്രോ സ്റ്റേഷനിൽ നിന്ന് അൽ വുഖൈർ ഒയാസീസിലേക്ക് മെട്രോലിങ്ക്സ് സർവീസ് തുടങ്ങിയത്.
Qatar Rail launches new Metro Link bus service