അബുദാബി: (gcc.truevisionnews.com) 'ആദ്യം കരുതിയത് തട്ടിപ്പെന്ന്, പിന്നീട് തേടിയെത്തിയത് ഭാഗ്യവർത്ത'. അബുദാബി ബിഗ് ടിക്കറ്റിൽ 57 കോടി രൂപ(25 ദശലക്ഷം ദിർഹം) സമ്മാനം നേടിയത് സൗദി പ്രവാസിയായ തിരുവനന്തപുരം സ്വദേശി താജുദ്ദീൻ അലിയാർ കുഞ്ഞ്(61) ആണ്.
ഇദ്ദേഹത്തിന് വേണ്ടി ബിഗ് ടിക്കറ്റ് സംഘാടകർ ഏറെ നാളുകളായി അന്വേഷിക്കുകയായിരുന്നു. കഴിഞ്ഞ 40 വർഷമായി സൗദിയിലുള്ള ഇദ്ദേഹം അൽ ഹൈലിൽ വാട്ടർപ്രൂഫിങ്, ട്രാൻസ്പോർട്ട് ബിസിനസ് നടത്തിവരികയായിരുന്നു. സുഹൃത്തുക്കളും സഹപ്രവർത്തകരുമായ 16 പേരോടൊപ്പമാണ് ഇപ്രാവശ്യം ഭാഗ്യം പരീക്ഷിച്ചത്.
ഈ സമ്മാനത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു. പക്ഷേ, ഇതുവരെ ഇത് വിശ്വസിക്കാനായിട്ടില്ല. ഒടുവിൽ അഞ്ചാമത്തെ ശ്രമത്തിൽ കോടികൾ സ്വന്തമായെന്ന് ഇദ്ദേഹം സന്തോഷം അടക്കാനാകാതെ പറഞ്ഞു. ഏപ്രിൽ 18നാണ് താജുദ്ദീൻ ഓൺലൈനിലൂടെ 306638 നമ്പറിലുള്ള ടിക്കറ്റ് വാങ്ങിയത്.
പതിവായി 16 സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും സംഘമായാണ് ടിക്കറ്റെടുക്കാറ്. ഓരോ തവണയും ഞങ്ങൾ ഓരോരുത്തരും ദിർഹം 70 വീതം ചെലവഴിക്കും. രണ്ട് ടിക്കറ്റുകൾ എപ്പോഴും വാങ്ങാറുണ്ട്. ഇത്തവണ പ്രമോഷന്റെ ഭാഗമായി രണ്ട് ഫ്രീ ടിക്കറ്റുകൾ കൂടി ലഭിച്ചു. അതിൽ ഒന്ന് ഭാഗ്യം കൊണ്ടുവന്നു. വിജയിച്ചാൽ ഒരു പങ്ക് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകണമെന്ന് നേരത്തെ സംഘം തീരുമാനിച്ചിരുന്നു. ഞങ്ങൾ 16 പേർ ആണെങ്കിലും സമ്മാനം 17 ഭാഗങ്ങളായി പങ്കുവയ്ക്കും. പതിനേഴാമത്തേത് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ളതാണ്. ഞങ്ങൾ ആദ്യ ടിക്കറ്റ് വാങ്ങിയപ്പോളെഴുതിയ ഉടമ്പടിയാണ് അതെന്ന് താജുദ്ദീൻ പറഞ്ഞു.
താജുദ്ദീൻ ബിഗ് ടിക്കറ്റിൽ റജിസ്റ്റർ ചെയ്യുമ്പോൾ തെറ്റായി തന്റെ ഇന്ത്യൻ ഫോൺ നമ്പർ നൽകിയതാണ് വിനയായത്. ബിഗ് ടിക്കറ്റ് അധികൃതർ ഇദ്ദേഹം തിരുവനന്തപുരത്താണുള്ളതെന്ന് കരുതി ആ നമ്പരിലേക്ക് വിളിച്ചുകൊണ്ടിരുന്നു.
ഒരിക്കൽ ഇദ്ദേഹത്തിന്റെ ഭാര്യ ഫോൺ എടുക്കുകയും തട്ടിപ്പ് കോളാണെന്ന് കരുതി ഫോൺ വയ്ക്കുകയും ചെയ്തു. പിന്നീട് ദുബായിൽ താമസിക്കുന്ന ഇദ്ദേഹത്തിന്റെ മരുമകൻ നറുക്കെടുപ്പ് ഫലം കണ്ടതോടെയാണ് വിജയത്തെപ്പറ്റി മനസ്സിലാക്കിയത്.
മരുമകൻ എനിക്ക് ഫോൺ ചെയ്ത് ടിക്കറ്റ് എടുത്തിരുന്നോ എന്ന് ചോദിച്ചു. എങ്കിൽ സമ്മാനം അമ്മാവന് തന്നെയാണെന്ന് പറഞ്ഞപ്പോൾ ഇങ്ങനെ കളിയാക്കരുതെന്നായിരുന്നു മറുപടി. പക്ഷേ, മരുമകൻ വിജയിയുടെ പേര് കാണിച്ചും നമ്പർ കാണിച്ചും എന്നെ വിശ്വസിപ്പിച്ചു.
അപ്പോഴെനിക്ക് തോന്നിയത് ഞാൻ ഭൂമിയിൽ നിന്ന് ഉയർന്നുപോയതുപോലെയായിരുന്നു. സമ്മാനം എങ്ങനെ ചെലവഴിക്കാമെന്ന് സംഘം ഇതുവരെ തീരുമാനിച്ചിട്ടില്ല. വൈകാതെ എല്ലാവരും കൂടി ചേർന്ന് തീരുമാനിക്കും.
pravasi malayali saudi wins abu dhabi big ticket shares experience