May 6, 2025 02:52 PM

ദോഹ : (gcc.truevisionnews.com) ഖത്തറിൽ വടക്കു പടിഞ്ഞാറൻ കാറ്റ് തുടങ്ങി. പൊടിക്കാറ്റ് ശക്തമാകുമെന്ന് മുന്നറിയിപ്പുമായി അധികൃതർ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊടിക്കാറ്റ് അനുഭവപ്പെടുന്നതായി കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

വിദ്യാർഥികൾക്കും തൊഴിലാളികൾക്കും സുരക്ഷാ മുൻകരുതലുകളുമായി വിദ്യാഭ്യാസ, തൊഴിൽ മന്ത്രാലയങ്ങളും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പൊടിക്കാറ്റിൽ ദൂരക്കാഴ്ച കുറയുമെന്നതിനാൽ വാഹനം ഓടിക്കുന്നവരും ജാഗ്രത പാലിക്കണം. അറേബ്യൻ പെനിൻസുലയിൽ പൊടിക്കാറ്റ് തുടരുന്നതിനാൽ ഖത്തറിലും കാറ്റ് ശക്തമാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

ചില പ്രദേശങ്ങളിൽ ദൂരക്കാഴ്ച കുറയും. രാജ്യത്തെ മുഴുവൻ ജനങ്ങളും ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും വകുപ്പ് നിർദേശിച്ചിട്ടുണ്ട്. കടൽ തിരമാല 7 മുതൽ 9 അടി വരെയും ചില സമയങ്ങളിൽ 13 അടി വരെ ഉയരും.

പുറം തൊഴിലിൽ ഏർപ്പെടുന്ന തൊഴിലാളികൾ ജോലി സമയങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് തൊഴിൽ മന്ത്രാലയവും നിർദേശിച്ചിട്ടുണ്ട്. ഒക്കുപ്പേഷനൽ ഹെൽത്ത്–സേഫ്റ്റി നിർദേശങ്ങൾ പാലിച്ചു വേണം ജോലി ചെയ്യാൻ. എല്ലാ മുൻകരുതലുകളും സ്വീകരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

ഇന്ന് മുതൽ പൊടിക്കാറ്റ് ശക്തമാകാനുള്ള സാധ്യതയുള്ളതിനാൽ രാജ്യത്തെ സ്കൂൾ അധികൃതരും രക്ഷിതാക്കളും വിദ്യാർഥികളും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദേശം. ആരോഗ്യ, സേഫ്റ്റി അധികൃതരുടെ നിർദേശങ്ങൾ പാലിക്കണമെന്നും ഓർമപ്പെടുത്തിയിട്ടുണ്ട്. വിദ്യാർഥികൾക്കുള്ള മാർഗ നിർദേശങ്ങളും നൽകിയിട്ടുണ്ട്.

വിദ്യാർഥികളുടെ ശ്രദ്ധയ്ക്ക്

∙കണ്ണിൽ പൊടി കയറാതിരിക്കാൻ സൺ ഗ്ലാസുകൾ അല്ലെങ്കിൽ പ്രൊട്ടക്ടീവ് ഗ്ലാസുകൾ ധരിയ്ക്കുക.

∙വീട്ടിൽ നിന്ന് പുറത്തിറങ്ങുന്നതിന് മുൻപ് മാസ്ക് ധരിക്കണം. അല്ലെങ്കിൽ വൃത്തിയുള്ള ടിഷ്യൂവോ തുണിയോ കൊണ്ട് മൂക്കും വായയും മൂടണം.

∙ സ്കൂളിലെത്തിയാൽ ക്ലാസ് മുറിയുടെ പുറത്തേക്ക് ഇറങ്ങുന്നത് പരമാവധി ഒഴിവാക്കണം.

∙കണ്ണിൽ അസ്വസ്ഥത തോന്നിയാൽ തിരുമ്മരുത്. പകരം ശുദ്ധമായ വെള്ളം കൊണ്ട് കണ്ണുകൾ കഴുകണം.

∙ആസ്തമയോ ശ്വാസകോശ സംബന്ധമായ രോഗങ്ങളോ ഉള്ളവർ ഇത്തരം മോശം കാലാവസ്ഥകളിൽ ഡോക്ടർമാരുടെ നിർദേശം പാലിക്കണം.

∙ശ്വാസതടസ്സം അനുഭവപ്പെട്ടാൽ ഉടൻ സ്കൂൾ ടീച്ചറിനെയോ നഴ്സിനെയോ അറിയിക്കണം.

Meteorological Department warns heavy dust storms Qatar caution warning

Next TV

Top Stories










News Roundup