(gcc.truevisionnews.com) ഖത്തര്‍ എയര്‍വേയ്സ് പാകിസ്ഥാനിലേക്കുള്ള വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ പാക്കിസ്ഥാനില്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് പാകിസ്ഥാന്‍ വ്യോമാതിര്‍ത്തി അടച്ച സാഹചര്യത്തിലാണിത്.
സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുന്നത് തുടരുമെന്നും എയര്‍ലൈന്‍ സമൂഹ മാധ്യമ അക്കൗണ്ടില്‍ അറിയിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയ്ക്ക് ഖത്തര്‍ പിന്തുണ അറിയിച്ചിരുന്നു.
ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചിരുന്നു. ഭീകരവാദത്തിനെതിരായ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യക്കൊപ്പമെന്ന് ഖത്തര്‍ അമീര്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
അതേസമയം, പഹല്‍ഗാമില്‍ നടന്നത് ക്രൂരമായ ആക്രമണമാണെന്നും ജമ്മു കാശ്മീരിന്റെ സമാധാനം ഇല്ലാതാക്കാനുള്ള ആക്രമണമാണ് നടന്നതെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഇന്ന് പറഞ്ഞിരുന്നു. ഐക്യരാഷ്ട്ര സംഘടനയ്ക്ക് പാകിസ്ഥാന്റെ ഭീകരതയെ തടയാന്‍ കഴിഞ്ഞില്ല.
ആക്രമണത്തില്‍ പാകിസ്ഥാന്റെ പങ്ക് വ്യക്തമാണ്. പാകിസ്ഥാന്‍ ഭീകരതയ്ക്കുള്ള മറുപടിയാണ് നല്‍കിയത്. ആക്രമിച്ചത് പാകിസ്ഥാന്റെ ഭീകര കേന്ദ്രങ്ങളെയാണ്. പാക് ഭീകരരുടെ ലോഞ്ച് പാഡ് തകര്‍ത്തുവെന്നും അദ്ദേഹം അറിയിച്ചു.
Qatar Airways suspends flights Pakistan