ഷാര്‍ജ: (gcc.truevisionnews.com) ഷാര്‍ജയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ കൊല്ലം സ്വദേശി അതുല്യയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകും. അതേ സമയം, ഫോറന്‍സിക് ഫലം ഇന്നും ലഭിച്ചില്ല. വെള്ളി, ശനി, ഞായര്‍ വാരാന്ത്യ അവധി ആയതിനാലാണ് ഫോറന്‍സിക് ഫലം ലഭിക്കാന്‍ തിങ്കളാഴ്ച വരെ കാത്തിരിക്കേണ്ടി വരും.
അതുല്യയുടെ മൃതദേഹത്തിലെ പാടുകള്‍ വിശദമായി പരിശോധിക്കും. മരണത്തെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് സഹോദരി അഖില ഷാര്‍ജ പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. ശനിയാഴ്ച രാവിലെയായിരുന്നു തേവലക്കര തെക്കുഭാഗം സ്വദേശി അതുല്യ ശേഖറി(30)നെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷാര്‍ജ റോളപാര്‍ക്കിന് സമീപത്തെ ഫ്ളാറ്റില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടത്.
അതുല്യ പുതിയ ജോലിയില്‍ പ്രവേശിക്കാനിരിക്കവേയായിരുന്നു മരണം. പിന്നാലെ സതീഷ് ക്രൂരമായി മര്‍ദിക്കുന്ന വീഡിയോകള്‍ പുറത്ത് വന്നിരുന്നു. സതീഷ് അതുല്യയെ സ്ത്രീധനത്തിന്റെ പേരില്‍ മര്‍ദിക്കാറുണ്ടായിരുന്നുവെന്നും അതുല്യയുടെ കുടുംബം വ്യക്തമാക്കിയിരുന്നു.
പിന്നാലെ കുടുംബത്തിന്റെ പരാതിയില്‍ കൊലക്കുറ്റം, ആത്മഹത്യാപ്രേരണ, സ്ത്രീധനനിരോധന നിയമം തുടങ്ങി വിവിധ വകുപ്പുകള്‍ ചുമത്തി കൊല്ലം ചവറതെക്കുംഭാഗം പൊലീസ് കേസെടുക്കുകയായിരുന്നു. അതുല്യ ആത്മഹത്യ ചെയ്യില്ലെന്നും കൊലപാതകമാണെന്നുമാണ് കുടുംബം പറയുന്നത്. അതേസമയം അതുല്യ ആത്മഹത്യ ചെയ്യില്ലെന്നാണ് സതീഷും പറയുന്നത്. ഒന്നുകില്‍ അബദ്ധത്തില്‍ സംഭവിച്ചതാകാമെന്നും അല്ലെങ്കില്‍ കൊലപാതകമാകമാണെന്ന സംശയമുണ്ടെന്നും സതീഷ് പറഞ്ഞിരുന്നു. അന്വേഷണവുമായി സഹകരിക്കുമെന്ന് സതീഷ് പറഞ്ഞു.
There will be a delay in bringing Athulya body home Sister demands investigation into death