കുവൈത്ത് സിറ്റി: (gcc.truevisionnews.com) മംഗഫ് തീപിടുത്ത കേസിൽ മൂന്ന് പ്രതികൾക്ക് നരഹത്യക്കുറ്റം ചുമത്തി മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ചു. ജഡ്ജി അൻവർ ബസ്തകി അധ്യക്ഷനായ മിസ്‌ഡിമെനർ കോടതിയാണ് ശിക്ഷ വിധിച്ചത്. കള്ളസാക്ഷ്യം നൽകിയതിന് രണ്ട് പ്രതികൾക്ക് ഒരു വർഷം തടവും, ഒളിച്ചോടിയ ഒരാളെ പാർപ്പിച്ചതിന് മറ്റ് നാല് പേർക്ക് ഒരു വർഷം തടവും ശിക്ഷ വിധിച്ചു.
മംഗഫിലെ ഒരു കമ്പനിയുടെ ലേബർ ക്യാമ്പിലാണ് തീപിടിത്തം ഉണ്ടായത്. കേസ് അപ്രതീക്ഷിതമായ അപകടം എന്ന നിലയിലാണ് റിപ്പോർട്ടുകൾ വന്നത്. ഇതുപ്രകാരം കുറ്റകരമായൊരു ഉദ്ദേശമില്ലെന്ന് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഫെലനി കുറ്റമായത് മാറ്റി മിസ്ഡിമീനർ കുറ്റമായി രേഖപ്പെടുത്തി.
പബ്ലിക് പ്രോസിക്യൂഷൻ കേസിനെ ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇൻവെസ്റ്റിഗേഷനിലേയ്ക്കാണ് കൈമാറിയത്. ഇതിനുമുമ്പ്, പിടിയിലായിരുന്ന എട്ടുപേർക്ക് ഓരോരുത്തർക്കും 300 കുവൈത്തി ദിനാര്‍ വീതം ജാമ്യത്തിൽ ജുഡീഷ്യൽ കോടതിയുടെ ഉത്തരവിലൂടെ മോചനം ലഭിച്ചു.
മോചിതരിൽ ഒരാൾ കുവൈത്തിയും, മൂന്നുപേർ ഇന്ത്യൻ പൗരന്മാരും, നാലുപേർ ഈജിപ്ഷ്യൻ പൗരന്മാരുമാണ്. 2024 ജൂൺ 12-ന് നടന്ന അപകടത്തിൽ 25 മലയാളികൾ ഉൾപ്പെടെ 49 പേർ മരണപ്പെടുകയും നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. എൻബിറ്റിസി കമ്പനി ഗ്രൂപ്പിന്റെ കീഴിൽ ജോലി ചെയ്യുന്ന 196 തൊഴിലാളികളാണ് കെട്ടിടത്തിൽ താമസിച്ചിരുന്നത്.
സുരക്ഷാ ഗാർഡിന്റെ മുറിയിലെ വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണം എന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാക്കിയിരുന്നു. തീ പടരാൻ സഹായകരമാകുന്ന വസ്തുക്കൾ കെട്ടിടത്തിൽ സൂക്ഷിച്ചിരുന്നതായി കണ്ടെത്തി. മുകളിലേക്കുള്ള വാതിൽ അടച്ചിരുന്നതിനാൽ ആളുകൾക്ക് രക്ഷപ്പെടാൻ കഴിഞ്ഞിരുന്നില്ല.
പുക ശ്വസിച്ചും കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടിയുമാണ് പലരും മരിച്ചത്.
Malayali families still tears Three accused sentenced Mangaf fire case that shook Kuwait