(gcc.truevisionnews.com) പാക്കിസ്ഥാന്‍റെ ആക്രമണങ്ങള്‍ തൃണവല്‍ഗണിച്ച് കശ്മീരില്‍ നിന്നുള്ള വിമാനസര്‍വീസുകള്‍ സാധാരണനിലയില്‍. അടച്ചിട്ടിരുന്ന ശ്രീനഗര്‍ വിമാനത്താവളം തിങ്കളാഴ്ചയണ് തുറന്നത്. 48 മണിക്കൂറിനുപിന്നാലെ ഹജ് തീര്‍ഥാടനവും പുനരാരംഭിച്ചു. സ്പൈസ് ജെറ്റിന്‍റെ എയര്‍ബസ് എ340 വിമാനം 324 യാത്രക്കാരുമായി മദീനയിലേക്ക് തിരിച്ചു.
ഇതുള്‍പ്പെടെ 642 തീര്‍ഥാടകര്‍ ഇന്ന് ശ്രീനഗറില്‍ നിന്ന് യാത്രയാകുമെന്ന് ജമ്മുകശ്മീര്‍ ഹജ് കമ്മിറ്റി അറിയിച്ചു. ‘ഓപ്പറേഷന്‍ സിന്ദൂര്‍’ ആരംഭിക്കുംമുന്‍പ് ശ്രീനഗറില്‍ നിന്ന് ആദ്യ സംഘം ഹജിന് പോയിരുന്നു. അതിര്‍ത്തിയിലെയും ജമ്മുകശ്മീരിലെയും സ്ഥിതിഗതികള്‍ ശാന്തമായതില്‍ ദൈവത്തിന് നന്ദി പറയുന്നുവെന്ന് യാത്ര പുറപ്പെടാനെത്തിയ തീര്‍ഥാടകര്‍ പറഞ്ഞു.
യുദ്ധസമാനമായ അവസ്ഥ ആയപ്പോള്‍ ഇത്തവണ ഹജിന് പോകാന്‍ കഴിയില്ലെന്നുതന്നെ കരുതിയവരാണ് പലരും. അങ്ങനെ സംഭവിക്കാത്തതിന്‍റെ ആശ്വാസം അവരുടെ വാക്കുകളിലുണ്ട്. ജമ്മുകശ്മീരില്‍ ശാശ്വസമാധാനം ഉണ്ടാകാന്‍ പ്രാര്‍ഥിക്കുന്നുവെന്നും തീര്‍ഥാടകര്‍ പറഞ്ഞു.
ഈമാസം നാലിനാണ് ശ്രീനഗറില്‍ നിന്ന് ആദ്യ ഹജ് സംഘം പുറപ്പെട്ടത്. അതില്‍ 178 പേരുണ്ടായിരുന്നു. ഈവര്‍ഷം ജമ്മുകശ്മീരില്‍ നിന്ന് 36,222 പേര്‍ക്കാണ് ഹജ് ക്വാട്ടയില്‍ അനുമതി ലഭിച്ചത്. മേയ് നാലിനും 15നുമിടയില്‍ 11 വിമാനങ്ങള്‍ ക്രമീകരിച്ചിരുന്നെങ്കിലും പഹല്‍ഗാം ആക്രമണത്തിനുള്ള തിരിച്ചടിയും തുടര്‍ന്നുണ്ടായ സംഘര്‍ഷവും കാരണം 7 സര്‍വീസുകള്‍ റദ്ദാക്കി.
പുനക്രമീകരിച്ച സര്‍വീസുകളുടെ വിവരം പ്രത്യേകം അറിയിക്കുമെന്ന് ഹജ് കമ്മിറ്റിയും വിമാനക്കമ്പനികളും വ്യക്തമാക്കി. ഹജ് തീര്‍ഥാടനത്തിനായി പുറപ്പെട്ടവരെ യാത്രയാക്കാന്‍ ഉറ്റവരെല്ലാം ഹജ് കമ്മിറ്റി ഓഫിസിനുസമീപവും വിമാനത്താവളത്തിലും എത്തിയിരുന്നു.
സംഘര്‍ഷം ഒഴിഞ്ഞതിന്‍റെ ആശ്വാസവും ഉറ്റവരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കയുമെല്ലാം അവരുടെ മുഖത്ത് നിഴലിച്ചു. പ്രായമായവരടക്കം ഒട്ടേറെപ്പേര്‍ കനത്ത സുരക്ഷാവലയത്തിലാണ് യാത്രയ്ക്കെത്തിയത്. ഹജ് കമ്മിറ്റി ഓഫിസിനും തീര്‍ഥാടകരുടെ വാഹനങ്ങള്‍ക്കും വിപുലമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Gunfire stops Hajj pilgrims from Kashmir head Mecca