ദോഹ: (gcc.truevisionnews.com) 8848 മീറ്റർ തലയെടുപ്പുമായി ആകാശത്തോളം ഉയർന്നു നിൽക്കുന്ന എവറസ്റ്റ് കൊടുമുടിയുടെ ഉച്ചിയിൽ കാലുകൾ ഉറപ്പിച്ച്, ചരിത്രപുസ്തകങ്ങളിലേക്ക് ഒരു മലയാളി വനിതയുടെ കൈയൊപ്പ്. ലോകത്തെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയെ കാൽചുവട്ടിലാക്കിയ ആദ്യ മലയാളി വനിതയെന്ന റെക്കോഡ് ഇനി ഖത്തറിൽ നിന്നുള്ള കണ്ണൂർ വേങ്ങാട് സ്വദേശിനി സഫ്രീനയുടെ പേരിൽ.
പർവതാരോഹണം ഹരമാക്കി മാറ്റിയ ഈ ഖത്തർ പ്രവാസി ഒരുമാസത്തോളം നീണ്ട കഠിനമായ ദൗത്യത്തിനൊടുവിൽ മേയ് 18 ഞായറാഴ്ച രാവിലെ നേപ്പാൾ സമയം 10.25ഓടെയാണ് എവറസ്റ്റ് കൊടുമുടി തൊട്ടുകൊണ്ട് ചരിത്രം കുറിക്കുന്നത്.
ഹിമാലയൻ മലനിരയിൽ, ആരെയും കൊതിപ്പിക്കുന്ന സൗന്ദര്യവുമായി അപകടങ്ങളും നിഗൂഢതകളുമേറെ ഒളിപ്പിച്ച് കാത്തിരിക്കുന്ന എവറസ്റ്റിനെ ഇതിനകം നിരവധി മലയാളികൾ കീഴടക്കിയിട്ടുണ്ടെങ്കിലും അവരുടെ പട്ടികയിലെത്തുന്ന ആദ്യ വനിതയാണ് ഖത്തറിൽ കേക്ക് ആർടിസ്റ്റായി പ്രവർത്തിക്കുന്ന സഫ്രീന.
ഞായറാഴ്ച കൊടുമുടിയിലെത്തിയ ഇവർ, ചൊവ്വാഴ്ച പുലർച്ചെയോടെ മാത്രമാണ് ബേസ് ക്യാമ്പിൽ തിരികെയെത്തുന്നത്. അവിടെ നിന്നും ഹെലികോപ്റ്റർ മാർഗം കാഠ്മണ്ഡുവിലെത്തുന്ന സഫ്രീനയെ സ്വീകരിക്കാനായി ഭർത്താവ് ഡോ. ഷമീൽ മുസ്തഫ തിങ്കളാഴ്ച രാത്രിയോടെ ദോഹയിൽ നിന്നും നേപ്പാളിലേക്ക് പറന്നു.
ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രിയിൽ സർജനായ താഴെ ചൊവ്വ സ്വദേശി ഡോ. ഷമീലും, ജീവതപങ്കാളി സഫ്രീനയും വർഷങ്ങളായി പർവതാരോഹണം ലഹരിയാക്കിയവരാണ്. 2021 ജൂലൈയിൽ താൻസാനിയയിലെ 5985 മീറ്റർ ഉയരമുള്ള കിളിമഞ്ചാരോ കൊടുമുടി കീഴടക്കികൊണ്ടായിരുന്നു ഇരുവരുടെയും തുടക്കം.
ശേഷം, അർജൻറീനയിലെ അകോൺകാഗ്വ (6961 മീറ്റർ), റഷ്യയിലെ മൗണ്ട് എൽബ്രസ് (5642 മീറ്റർ) എന്നിവയും കീഴടക്കിയാണ് എവറസ്റ്റിനായി ഒരുങ്ങിയത്. എന്നാൽ, ഇതിനിടയിൽ ഡോ. ഷമീൽ പരിക്കിനെ തുടർന്ന് എവറസ്റ്റ് സ്വപ്നത്തിന് താൽകാലിക അവധി നൽകി. അപ്പോഴും സ്വപ്നം വിടാതെ പിന്തുടർന്ന സഫ്രീന കഠിന പരിശീലനവും തയ്യാറെടുപ്പും പൂർത്തിയാക്കിയാണ് ഈ ഏപ്രിൽ 12ന് ദോഹയിൽ നിന്നും നേപ്പാളിലേക്ക് യാത്രയായത്.
പത്തോളം പേരടങ്ങിയ സംഘത്തിനൊപ്പം ഏപ്രിൽ 19ന് ബേസ് കാമ്പിലെത്തി. അവിടെ നിന്നും പരിശീലനം പൂർത്തിയാക്കിയ ശേഷമായിരുന്നു എവറസ്റ്റിലേക്ക് ശ്രമിച്ചത്. മേയ് ഒമ്പതിന് എവറസ്റ്റിലേക്കുള്ള പ്രവേശനം ആരംഭിച്ചതോടെ, 14ന് ബേസ്ക്യാമ്പിൽ നിന്നും ദൗത്യത്തിന് തുടക്കം കുറിച്ചതായി ഡോ. ഷമീൽ പ്രതികരിച്ചു. ക്യാമ്പ് രണ്ടിലെത്തി ഒരു ദിവസം വിശ്രമിച്ച ശേഷം ക്യാമ്പ് മൂന്നിലേക്കുള്ള സാഹസിക യാത്ര.
കടുത്ത മഞ്ഞും, ദുർഘട പാതകളും താണ്ടിയായിരുന്നു മണിക്കൂറുകൾ നീണ്ട മലകയറ്റം. അവിടെ നിന്നും, 12 മണിക്കൂറോളം വീണ്ടും കൊടുമുടിയേറി നാലാം ക്യാമ്പിലേക്ക്. നാലു മണിക്കൂർ വരെ വിശ്രമിച്ച ശേഷം, 14 മണിക്കൂർ അതിസാഹസികത നിറഞ്ഞ പാതകളും പിന്നിട്ടായിരുന്നു കൊടുമുടിയുടെ ഉച്ചിയിലെത്തിയത്. ബേസ് ക്യാമ്പ് വിട്ട ശേഷം സാറ്റലൈറ്റ് ഫോൺ വഴി നീക്കങ്ങൾ അറിഞ്ഞതല്ലാതെ കൂടുതൽ ആശയവിനിമയമൊന്നും നടത്താനായില്ലെന്ന് ഡോ. ഷമീൽ പറഞ്ഞു.
വേങ്ങാട് കെ.പി. സുബൈദയുടെയും തലശ്ശേരി പുന്നോൽ സ്വദേശി പി.എം. അബ്ദുൽ ലത്തീഫിൻെറയും മകളാണ് സഫ്രീന. മിൻഹ മകളാണ്.
Malayali woman climbs Mount Everest Double happiness for Qatari expatriate from Kannur