May 21, 2025 05:30 PM

റിയാദ്: (gcc.truevisionnews.com) സൗദി അറേബ്യയിലെ വാഹന കാലിക സാങ്കേതിക പരിശോധന (ഫഹസ്) സംവിധാനത്തിൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്ന് സൗദി വെഹിക്കിൾ ടെക്നിക്കൽ ഇൻസ്പെക്ഷൻ വകുപ്പ് അറിയിച്ചു. വാഹന സാങ്കേതിക പരിശോധന മാനദണ്ഡങ്ങളിൽ മാറ്റങ്ങൾ വരുത്തിയെന്ന തരത്തിലുള്ള തെറ്റായ വിവരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് സൗദി എംവിപിഐ വകുപ്പ് വിശദീകരണവുമായി രംഗത്തെത്തിയത്.

നിലവിലുള്ള നിയമപ്രകാരം പുതിയ സ്വകാര്യ വാഹനങ്ങളുടെ സാങ്കേതിക ക്ഷമതാ പരിശോധന (ഫഹസ്) ആദ്യ മൂന്ന് വർഷങ്ങൾക്ക് ശേഷം നടത്തണം. അതിനുശേഷം എല്ലാ വർഷവും ഈ പരിശോധനയ്ക്ക് വിധേയമാക്കി ഫിറ്റ്നസ് ലൈസൻസ് നേടേണ്ടതുണ്ട്. വിജയകരമായി പരിശോധന പൂർത്തിയാക്കുന്ന വാഹനങ്ങളുടെ മുൻവശത്തെ ഗ്ലാസിൽ ഫഹസ് കാലാവധി രേഖപ്പെടുത്തിയ സ്റ്റിക്കർ പതിച്ചു നൽകും.

ടാക്സികൾ, പൊതുഗതാഗത വാഹനങ്ങൾ, പൊതു ബസുകൾ എന്നിവ പുതിയതാണെങ്കിൽ ആദ്യ രണ്ട് വർഷത്തിന് ശേഷം വർഷം തോറും പരിശോധനയ്ക്ക് ഹാജരാക്കണം. ഫിറ്റ്നസ് കാലാവധി നിലവിലുണ്ടെങ്കിലും വാഹന ഉടമയ്ക്ക് എപ്പോൾ വേണമെങ്കിലും വാഹനം പരിശോധനാ കേന്ദ്രങ്ങളിൽ എത്തിച്ച് അതിന്റെ ഫിറ്റ്നസ് ഉറപ്പുവരുത്താൻ സാധിക്കും.

എന്നാൽ, പരിശോധനാ ഫീസ് 115 റിയാലിൽ നിന്ന് 91 റിയാലായി കുറച്ചെന്നും, സർട്ടിഫിക്കറ്റുകളുടെ കാലാവധിയിൽ മാറ്റങ്ങൾ വരുത്തിയെന്നും, മൂന്ന് വർഷത്തിൽ കൂടുതൽ പഴക്കമുള്ള സ്വകാര്യ വാഹനങ്ങൾ വർഷം തോറുമുള്ള പരിശോധനയ്ക്ക് പകരം രണ്ടു വർഷത്തിലൊരിക്കൽ പരിശോധിച്ചാൽ മതിയെന്നുമുള്ള തെറ്റായ വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പുതിയ വാഹനങ്ങൾക്ക് ആദ്യത്തെ മൂന്ന് വർഷത്തേക്ക് ഇളവുണ്ടെന്നും, വാണിജ്യ വാഹനങ്ങൾ, ടാക്സികൾ, സ്കൂൾ ബസുകൾ എന്നിവയ്ക്ക് വാർഷിക പരിശോധന നിർബന്ധമാണെന്നും വകുപ്പ് വ്യക്തമാക്കി.

ഇത്തരം വ്യാജ പ്രചാരണങ്ങളെ വിശ്വസിക്കരുതെന്നും, വിവരങ്ങൾ കൃത്യമായി പരിശോധിച്ചറിയാനും വിശ്വസനീയമായ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് മാത്രം വിവരങ്ങൾ മനസ്സിലാക്കാനും സൗദി വെഹിക്കിൾ ടെക്നിക്കൽ ഇൻസ്പെക്ഷൻ വകുപ്പ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

നിലവിൽ സ്വകാര്യ കാറുകൾ, ടാക്സി കാറുകൾ, പിക്അപ് ട്രക്കുകൾ, ചെറിയ ട്രെയിലറുകൾ, മിനിബസുകൾ എന്നിവയുടെ പരിശോധനാ ഫീസ് 115 റിയാലും, വീണ്ടും പരിശോധിക്കുന്നതിന് 37.95 റിയാലുമാണ്. മീഡിയം ബസുകൾക്ക് 162.15 റിയാലും വീണ്ടും പരിശോധിക്കുന്നതിന് 54.05 റിയാലുമാണ് നിരക്ക്. വലിയ ബസുകൾക്ക് 235.75 റിയാലും വീണ്ടും പരിശോധിക്കുന്നതിന് 78.2 റിയാലും അടയ്‌ക്കേണ്ടി വരും.

Warning against false propaganda Saudi says no change vehicle inspection system

Next TV

Top Stories










News Roundup