മക്ക: (gcc.truevisionnews.com) ചൂട് കൂടിയതോടെ മക്കയിലും മദീനയിലും വെള്ളിയാഴ്ച പ്രഭാഷണവും പ്രാർഥനയുടെയും സമയം ചുരുക്കണമെന്ന് ഇരുഹറം മത കാര്യവകുപ്പിന്റെ നിർദേശം. തീർഥാടകർക്ക് സുരക്ഷിതമായ ആരാധന അന്തരീക്ഷം ഒരുക്കുന്നതിനായാണിത്. ഇത് സംബന്ധിച്ച് ഗ്രാൻഡ് മോസ്കിലെയും പ്രവാചക പള്ളിയിലെയും മതകാര്യ വകുപ്പിന്റെ പ്രസിഡന്റ് ഷെയ്ഖ് ഡോ. അബ്ദുൾറഹ്മാൻ അൽ സുദൈസ് ആണ് നിർദേശം നൽകിയത്.
മക്കയിലും മദീനയിലും അനുഭവപ്പെടുന്ന കഠിനമായ ചൂടിനിടയിൽ അവരുടെ സുരക്ഷ ഉറപ്പാക്കിയും വെള്ളിയാഴ്ച പ്രഭാഷണവും പ്രാർഥനയും ചുരുക്കണമെന്ന് അദ്ദേഹം നിർദേശം നൽകി. പ്രാർഥനയിലേക്കുള്ള വിളിക്കും രണ്ടാമത്തെ പ്രാർഥനയിലേക്കുള്ള വിളിക്കും ഇടയിലുള്ള സമയം എല്ലാ പ്രാർഥനകൾക്കും 5-10 മിനിറ്റായിരിക്കുമെന്നും വെള്ളിയാഴ്ച പ്രഭാഷണവും പ്രാർഥനയും 15 മിനിറ്റിൽ കൂടരുതെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഹജ് സീസണിലെ ഉയർന്ന താപനില, സൂര്യാഘാതം, ചൂടിന്റെ ഫലമായുള്ള ക്ഷീണം, തളർച്ച എന്നിവയിൽ നിന്നും വിശ്വാസികൾക്ക് ആരോഗ്യസുരക്ഷാ സംരക്ഷണം മുൻനിർത്തിയാണ് ചൂട് കൂടുന്നതിനനുസരിച്ച് പ്രാർഥനയ്ക്കും ഇഖാമത്തിനും ഇടയിലുള്ള കാത്തിരിപ്പ് സമയം കുറയ്ക്കുന്നത്. കനത്ത ചൂട് അനുഭവപ്പെടുന്നതിനാൽ മക്കയിലുള്ള ഹജ് തീർഥാടകരുടെ ആരോഗ്യ സംരക്ഷണത്തിന് കർശന നിർദേശം നൽകി ആരോഗ്യ, ഹജ് മന്ത്രാലയം.
പുറത്തിറങ്ങുമ്പോൾ കനത്തവെയിലിൽ നിന്നും ചൂടിൽ നിന്നും രക്ഷ നേടാൻ പാദരക്ഷകളും കുടകളും കരുതണം. കനത്ത ചൂടിൽ തീർഥാടകർ തളർന്ന് വീഴാതെയിരിക്കുന്നതിനുള്ള മുൻകരുതൽ എന്ന നിലയിലാണ് നിർദേശങ്ങൾ പുറപ്പെടുവിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി മക്കയിൽ ചൂട് കനത്ത് 45 ഡിഗ്രിവരെയായി ഉയർന്നിട്ടുണ്ട്. പകൽ 11 മുതൽ 3 വരെയാണ് അന്തരീക്ഷത്തിൽ നല്ല ചൂട് അനുഭവപ്പെടുന്നത്. ആദ്യമായി ഇവിടെ എത്തിയവർക്കാണ് ചൂട് ഏറെ ബുദ്ധിമുട്ടാകുന്നത്.
രാവിലെ 11 മുതൽ 3 വരെയുള്ള സമയത്ത് പുറത്തിറങ്ങുന്നവർ ശരീരത്തിൽ നേരിട്ട് വെയിൽ കൊള്ളാതെ കുടയും പാദരക്ഷകളും ഉപയോഗിക്കണം ഒപ്പം കുടിവെള്ളവും കൈവശം കരുതേണ്ടതാണെന്ന് മന്ത്രാലയം നിർദേശിക്കുന്നു. ശരീരത്തിൽ ജലാംശം ലഭിക്കുന്ന പഴവർഗ്ഗങ്ങൾ കഴിക്കണം. ദാഹവും ക്ഷീണവും വർധിപ്പിക്കാൻ ഇടയുള്ള മൈദയും അരിയും കൊണ്ടുള്ള ആഹാരം നിയന്ത്രിതമായി മാത്രം കഴിക്കണം.
മരുന്നുകൾ കഴിക്കുന്നവർ ചികിത്സാവിവരങ്ങളുടേയും മരുന്നുകളുടേയും വിശദാംശങ്ങളുടെ പകർപ്പ് കൈവശം സൂക്ഷിക്കണം. അടിയന്തിരഘട്ടങ്ങളിൽ ചികിത്സ തേടേണ്ടിവരുന്ന പക്ഷം ഏറെ സഹായകരമാവുന്നതിനാണ് പകർപ്പ് കരുതാൻ നിർദേശിച്ചിരിക്കുന്നത്.
പ്രമേഹം പോലുള്ള ജീവിതശൈലി രോഗങ്ങളുള്ളവർ സമയാസമയം മരുന്നും ഭക്ഷണപാനീയങ്ങളും കഴിക്കേണ്ടതാണ്. രക്തസമ്മർദ്ദമുള്ളവർ തിരക്കുകൾ ഉള്ളിടങ്ങളിലേക്ക് പോകരുതെന്നും നിർദേശം നൽകിയിട്ടുണ്ട്. ഇന്ത്യയിൽ നിന്നുള്ള വിവിധ വൊളന്റിയർമാരും ആരോഗ്യനിർദേശങ്ങൾ തീർഥാടകരോട് ബോധവൽക്കരിക്കുന്നുണ്ട്
Heatwave Friday prayer times shortened Mecca Medina