---
title: "ടിക്കറ്റ് നിരക്ക് പകുതിയില്‍ താഴെ: പെരുന്നാൾ അവധി ആഘോഷമാക്കാൻ ഒമാന്‍ പ്രവാസികള്‍"
english_title: "Ticket prices less than half Oman expatriates celebrate Eid holidays"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/293126/ticket-prices-less-than-half-oman-expatriates-celebrate-eid-holidays"
published_at: "2025-05-30T12:41:00+05:30"
category: "Life & Arabia"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68395a97e7984_58568.jpg"
keywords: []
---

# ടിക്കറ്റ് നിരക്ക് പകുതിയില്‍ താഴെ: പെരുന്നാൾ അവധി ആഘോഷമാക്കാൻ ഒമാന്‍ പ്രവാസികള്‍

> **Lead Summary:** **മസ്‌കത്ത് : [ ** വേനല്‍ അവധിക്കാലവും ബലി പെരുന്നാളും നാട്ടില്‍ ആഘോഷിക്കാന്‍ തയാറെടുത്ത് നില്‍ക്കുന്ന ഒമാന്‍ പ്രവാസികള്‍ക്ക് ആശ്വാസമായി പുതിയ വിമാന ടിക്കറ്റ് നിരക്കുകള്‍. ഒമാനില്‍ നിന്നും കേരള സെക്ടറുകളിലേക്ക് കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് നിരക്ക് പകുതിയില്‍ താഴെയായി കുറഞ്ഞിരിക്കുകയാണ് ഇപ്പോള്‍.

## Article Content

**മസ്‌കത്ത് : [ ** വേനല്‍ അവധിക്കാലവും ബലി പെരുന്നാളും നാട്ടില്‍ ആഘോഷിക്കാന്‍ തയാറെടുത്ത് നില്‍ക്കുന്ന ഒമാന്‍ പ്രവാസികള്‍ക്ക് ആശ്വാസമായി പുതിയ വിമാന ടിക്കറ്റ് നിരക്കുകള്‍. ഒമാനില്‍ നിന്നും കേരള സെക്ടറുകളിലേക്ക് കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് നിരക്ക് പകുതിയില്‍ താഴെയായി കുറഞ്ഞിരിക്കുകയാണ് ഇപ്പോള്‍.

പെരുന്നാള്‍ പൊതു അവധി പ്രഖ്യാപനം എത്തിയിട്ടും ടിക്കറ്റ് നിരക്കില്‍ വര്‍ധനവുണ്ടായിട്ടില്ല. മസ്‌കത്തില്‍ നിന്ന് കോഴിക്കോട്ടേക്ക് അടുത്ത ദിവസങ്ങളില്‍ 53 ഒമാനി റിയാല്‍ മുതല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ ടിക്കറ്റുകള്‍ ലഭ്യമാണ്. കഴിഞ്ഞ ആഴ്ചകളില്‍ ടിക്കറ്റെടുത്തവര്‍ ഇതേ റൂട്ടില്‍ ഇതേ ദിവസങ്ങളിലെ ടിക്കറ്റിന് നല്‍കിയത് 150 റിയാലിന് മുകളിലാണ്.

കൊച്ചിയിലേക്ക് 66 റിയാലിന് ഇപ്പോള്‍ ടിക്കറ്റ് ലഭിക്കും. കഴിഞ്ഞ ദിവസങ്ങളില്‍ വരെ നിരക്ക് 160 റിയാലിന് മുകളിലായിരുന്നു. കണ്ണൂരിലേക്ക് നിലവിലെ നിരക്ക് 62 റിയാലും തിരുവനന്തപുരത്തേക്ക് 73 റിയാലുമാണ് കുറഞ്ഞ ടിക്കറ്റ് നിരക്കുകള്‍. ഈ റൂട്ടുകളിലും 160ന് മുകളില്‍ നല്‍കിയാണ് നേരത്തെ പലരും ടിക്കറ്റ് ബുക്ക് ചെയ്തത്. സലാലയില്‍ നിന്ന് കൊച്ചിയിലേക്കുള്ള ടിക്കറ്റിനും സമാനമാണ് അവസ്ഥ.

പെരുന്നാള്‍ അവധിയും വേനല്‍ അവധി ആരംഭിക്കുന്നതും ഒരുമിച്ച് എത്തിയതിനാല്‍ വലിയ തോതില്‍ യാത്രക്കാര്‍ ഒഴുകുമെന്നാണ് വിമാന കമ്പനികള്‍ കുരിതിയിരുന്നത്. ഇതിനാല്‍ തന്നെ നിരക്ക് നാലിരട്ടി വരെ ഉയര്‍ത്തുകയും ചെയ്തു. എന്നാല്‍, വലിയ തോതില്‍ ടിക്കറ്റ് ബുക്കിങ് ഉണ്ടായില്ലെന്ന് ട്രാവല്‍ മേഖലയിലുള്ളവര്‍ പറയുന്നു.

മാത്രമല്ല, പലരും നേരത്തെ തന്നെ നാടണയുകയും ചെയ്തു. ഈ ഘട്ടത്തിലാണ് പെരുന്നാള്‍ സമയത്തെ യാത്രക്കാര്‍ കുറഞ്ഞത്. ഇതോടെ ടിക്കറ്റ് നിരക്ക് കുറയ്ക്കാന്‍ എയര്‍ലൈനുകള്‍ നിര്‍ബന്ധിതരായി. കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ലഭിക്കുന്ന സാഹചര്യത്തില്‍ നാട്ടില്‍ പോകാന്‍ നേരത്തെ കരുതാതിരുന്നവരും ഇപ്പോള്‍ യാത്രക്ക് ഒരുക്കുകയാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/293126/ticket-prices-less-than-half-oman-expatriates-celebrate-eid-holidays)