---
title: "സൂര്യപ്രകാശം നേരിട്ടേൽക്കരുത്, ഹജ്ജ് തീർഥാടകർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്"
english_title: "Hajj pilgrims warned careful not to be exposed  direct sunlight"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/294456/hajj-pilgrims-warned-careful-not-to-be-exposed-direct-sunlight"
published_at: "2025-06-05T14:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68415ae32ba69_dfgf.jpg"
keywords: []
---

# സൂര്യപ്രകാശം നേരിട്ടേൽക്കരുത്, ഹജ്ജ് തീർഥാടകർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

> **Lead Summary:** **റിയാദ്: [ ** നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ തീർഥാടകർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. വെയിലോ ചൂടോ ഏൽക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നും ഹജ്ജ് കർമങ്ങൾ കൃത്യസമയത്ത് പൂർത്തിയാക്കുന്നതിന് തടസ്സമാകുമെന്നും ആരോഗ്യ മന്ത്രാലയമാണ് മുന്നറിയിപ്പ് നൽകിയത്.

## Article Content

**റിയാദ്: [ ** നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ തീർഥാടകർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. വെയിലോ ചൂടോ ഏൽക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നും ഹജ്ജ് കർമങ്ങൾ കൃത്യസമയത്ത് പൂർത്തിയാക്കുന്നതിന് തടസ്സമാകുമെന്നും ആരോഗ്യ മന്ത്രാലയമാണ് മുന്നറിയിപ്പ് നൽകിയത്.

തീർഥാടകർ ചൂടിന്റെ സമ്മർദത്തിൽനിന്ന് സ്വയം പരിരക്ഷിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു. ആരോഗ്യവും സുരക്ഷയും നിലനിർത്തേണ്ടത് ആരോഗ്യപരമായ മുൻഗണനയാണെന്നും സൂര്യാഘാതവും ചൂടുമായി ബന്ധപ്പെട്ട സമ്മർദവും ഒഴിവാക്കാൻ പ്രതിരോധ നടപടികൾ പാലിക്കേണ്ടതുണ്ടെന്നും ഊന്നിപ്പറഞ്ഞു.

പുണ്യസ്ഥലങ്ങൾക്കിടയിൽ സഞ്ചരിക്കുമ്പോൾ തീർഥാടകർ കുട ഉപയോഗിക്കണം, പതിവായി വെള്ളം കുടിക്കണം, ചൂട് ആഗിരണം കുറയ്ക്കുന്നതിന് ഇളം നിറത്തിലുള്ളതും ഭാരം കുറഞ്ഞതുമായ വസ്ത്രങ്ങൾ ധരിക്കണം എന്നീ നിർദേശങ്ങളും നൽകി.

തലവേദന, തലകറക്കം, അമിതമായ വിയർപ്പ്, അമിത ദാഹം, ഓക്കാനം എന്നിവയാണ് ഉഷ്ണസമ്മർദത്തെ സൂചിപ്പിക്കുന്ന ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങളിൽ ഏതെങ്കിലും അനുഭവപ്പെട്ടാൽ തണലുള്ള സ്ഥലത്തേക്ക് മാറുക, വെള്ളം കുടിച്ച് തണുപ്പിക്കുക, ആരോഗ്യപരമായ സങ്കീർണതകൾ കുറയ്ക്കുന്നതിന് ധാരാളം വെള്ളം കുടിക്കുക എന്നിവ ചെയ്യണം.

രാവിലെ 10 മുതൽ വൈകീട്ട് നാല് വരെ നേരിട്ട് വെയിൽ കൊള്ളുന്നതിനെതിരെയും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/294456/hajj-pilgrims-warned-careful-not-to-be-exposed-direct-sunlight)