#Latest News #NEET Protest #DYFI #SFI #Student Protest #Raj Bhavan March #Question Paper Leak
തിരുവനന്തപുരം: ( www.truevisionnews.com ) നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾക്കും ചോദ്യപേപ്പർ ചോർച്ചക്കുമെതിരെ ഡൽഹി ജന്തർമന്തറിൽ സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ കേരളത്തിൽ നിന്ന് ഡൽഹിയിലേക്ക് സമരയാത്ര സംഘടിപ്പിക്കുന്നു.
ജൂലൈ 24ന് കേരളത്തിൽ നിന്ന് ട്രെയിനിൽ പുറപ്പെടുന്ന സംഘം ജൂലൈ 27 രാവിലെ ഡൽഹിയിലെ സമരകേന്ദ്രത്തിൽ എത്തിച്ചേരും.ഡൽഹിയിലെ വിദ്യാർത്ഥി പോരാളികൾക്ക് പിന്തുണ അറിയിക്കുന്നതിന്റെ ഭാഗമായി ജൂലൈ 24ന് തിരുവനന്തപുരത്തും ജൂലൈ 27ന് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഏകദിന ഉപവാസവും ഡിവൈഎഫ്ഐ സംഘടിപ്പിക്കും.
അതേസമയം നീറ്റ് ഉൾപ്പെടെയുള്ള ദേശീയ പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ രാജ്യവ്യാപക പ്രതിഷേധം ശക്തമാക്കി എസ്എഫ്ഐയും രംഗത്തുണ്ട്. ഇന്ന് രാജ്യത്തെ മുഴുവൻ രാജ്ഭവനുകളിലേക്കും ലോക്ഭവനുകളിലേക്കും കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലേക്കും എസ്എഫ്ഐ മാർച്ച് നടത്തും.
ഡിവൈഎഫ്ഐ, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ, സിഐടിയു, അഖിലേന്ത്യാ കിസാൻ സഭ, അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയൻ എന്നീ സംഘടനകളും മാർച്ചിൽ പങ്കാളികളാകും.നാളെ രാജ്യവ്യാപകമായി സ്കൂളുകൾ, കോളേജുകൾ, സർവകലാശാലകൾ എന്നിവിടങ്ങളിൽ പഠിപ്പ് മുടക്ക് സമരം നടത്തുമെന്ന് എസ്എഫ്ഐ പ്രഖ്യാപിച്ചു.

നാളെ രാത്രി 10 മണി മുതൽ ജന്തർമന്തറിന് സമാനമായ സമരവേദികൾ രാജ്യത്തുടനീളം ഉയർത്തും. പന്തംകൊളുത്തി പ്രകടനവും സാംസ്കാരിക പരിപാടികളും വിവിധ കേന്ദ്രങ്ങളിൽ സംഘടിപ്പിക്കും.പാർലമെന്റ് മാർച്ചിന് നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ‘റിട്ടേൺ ഗിഫ്റ്റ്’ കാമ്പെയിനും എസ്എഫ്ഐ പ്രഖ്യാപിച്ചു.
ശനി, ഞായർ ദിവസങ്ങളിൽ രാജ്യത്തെ മുഴുവൻ പൊലീസുകാർക്കും മെലഡി മിട്ടായി വിതരണം ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരെയുള്ള പ്രതീകാത്മക പ്രതിഷേധം കൂടിയാണ് ഈ കാമ്പെയിനിലൂടെ ലക്ഷ്യമിടുന്നത്.പരീക്ഷകളിലെ സുതാര്യതയും കുറ്റക്കാർക്കെതിരെ കർശന നടപടിയും ആവശ്യപ്പെട്ടാണ് വിദ്യാർത്ഥി സംഘടനകൾ തെരുവിലിറങ്ങുന്നത്.
Content Highlight: DYFI Train March to Delhi for NEET Protest Solidarity on July 24, SFI Announces Nationwide Strike
#Latest News #NEET Protest #DYFI #SFI #Student Protest #Raj Bhavan March #Question Paper Leak



































