ദുബൈ: യു.എ.ഇയിലെ ഗൾഫ് ഇസ്ലാമിക് ഇൻവെസ്റ്റ്മെൻറ്സ് (ജി.ഐ.ഐ) കർണാടകയിൽ 4000 കോടി രൂപയുടെ നിക്ഷേപത്തിന് ഒരുങ്ങുന്നു. ബംഗളൂരുവിൽ ആദ്യ അന്താരാഷ്ട്ര ഓഫിസ് തുറക്കുമെന്നും അധികൃതർ ദുബൈ എക്സ്പോയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അടുത്ത മൂന്നു വർഷത്തിലാണ് 4000 കോടി രൂപ കർണാടകയിലെ വിവിധ പദ്ധതികളിലായി നിക്ഷേപിക്കുക. ആരോഗ്യരംഗം മുതൽ സാങ്കേതികരംഗത്തു വരെ നിക്ഷേപം നടത്താനാണ് ആഗ്രഹിക്കുന്നതെന്ന് ജി.ഐ.ഐ സി.ഇ.ഒ പങ്കജ് ഗുപ്ത പറഞ്ഞു.
കഴിഞ്ഞവർഷം 1000 കോടിയുടെ നിക്ഷേപം കർണാടകയിൽ നടത്തിയിരുന്നു. ഇതിെൻറ തുടർച്ചയായാണ് ബംഗളൂരുവിൽ ആദ്യ അന്താരാഷ്ട്ര ഓഫിസ് തുറക്കുന്നതും കൂടുതൽ നിക്ഷേപത്തിന് തയാറെടുക്കുന്നതും. ഇന്ത്യയിൽ നിക്ഷേപം നടത്തുന്ന സ്ഥാപനത്തിന് ശരീഅ കംപ്ലയിൻറ്സ് സർട്ടിഫിക്കറ്റോ മറ്റ് അംഗീകാരമോ വേണമെന്ന് തങ്ങൾ നിഷ്കർഷിക്കുന്നില്ല. ശരീഅത്ത് വിരുദ്ധമല്ലാത്ത എല്ലാ മേഖലയിലും സ്ഥാപനം നിക്ഷേപം നടത്തും. മദ്യം, ചൂതാട്ടം തുടങ്ങി അനിസ്ലാമിക മേഖലയിൽ ബിസിനസ് താൽപര്യങ്ങളുള്ള സ്ഥാപനങ്ങളെ ഒഴിവാക്കും.
ഇന്ത്യയിലെ സ്റ്റാർട്ടപ്പുകൾക്ക് ഗൾഫിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനുള്ള സൗകര്യം ഒരുക്കി നൽകുമെന്നും പങ്കജ് ഗുപ്ത പറഞ്ഞു. യു.എ.ഇയിലെ കൂടുതൽ ശരീഅ ധനകാര്യ സ്ഥാപനങ്ങൾ ഇന്ത്യയിൽ നിക്ഷേപത്തിന് മുന്നോട്ട് വരുമെന്ന് പ്രതീക്ഷിക്കുന്നതായി കോൺസൽ ജനറൽ ഡോ. അമൻ പുരി പറഞ്ഞു. ബഹിരാകാശ ഗവേഷണം ഉൾപ്പെടെ മേഖലകളിൽ ഗൾഫിൽനിന്നുള്ള നിക്ഷേപം പ്രതീക്ഷിക്കുന്നതായും അമൻപുരി പറഞ്ഞു."
GII is set for an investment of Rs 4000 crore in Karnataka