അബുദാബി: തന്റെ തൊഴിലുടമയുടെ 19 ലക്ഷം ദിര്‍ഹം (3.8 കോടിയോളം ഇന്ത്യന്‍ രൂപ) വില വരുന്ന കാറുകള്‍ (Luxuary cars) സ്വന്തമാക്കാന്‍ ശ്രമിച്ച ഡ്രൈവര്‍ കുടുങ്ങി. അബുദാബിയിലാണ് (Abu Dhabi) സംഭവം. കാറുകള്‍ ട്രാഫിക് ആന്റ് ലൈസന്‍സിങ് ഡിപ്പാര്‍ട്ട്മെന്റില്‍ (Traffic and Licencing department) താത്കാലികമായി ഡ്രൈവറുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉടമ നിര്‍ദേശിക്കുകയായിരുന്നു. പിന്നീട് ഉടമസ്ഥാവകാശം മാറ്റാന്‍ (Ownership change) ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ തയ്യാറായില്ല.
അറബ് പൗരനാണ് ഡ്രൈവറെ അമിതമായി വിശ്വസിച്ച് പുലിവാലു പിടിച്ചത്. തന്റെ മക് ലാറന്‍, റേഞ്ച് റോവര്‍ കാറുകള്‍ ഡ്രൈവറുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യാനാണ് അദ്ദേഹം നിര്‍ദേശിച്ചത്. തന്റെ പേരിലുള്ള മറ്റ് രണ്ട് ആഡംബര കാറുകളുടെ രജിസ്‍ട്രേഷന്‍ കാലാവധി തീര്‍ന്നിരുന്നതിനാല്‍ പുതിയ വാഹനങ്ങള്‍ ആ സമയത്ത് സ്വന്തം പേരില്‍ രജിസ്റ്റര്‍ ചെയ്യാന്‍ അദ്ദേഹത്തിന് സാധിക്കുമായിരുന്നില്ല.
അത്യാവശ്യമായി വിദേശത്ത് പോകേണ്ടിയിരുന്നതിനാല്‍ പഴയ വാഹനങ്ങളുടെ രജിസ്‍ട്രേഷന്‍ പുതുക്കാനും സമയം കിട്ടിയില്ല. അതുകൊണ്ടുതന്നെ തത്കാലത്തേക്ക് പുതിയ കാറുകള്‍ ഡ്രൈവറുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശിക്കുകയായിരുന്നു. വിദേശത്തു നിന്ന് മടങ്ങി വന്നശേഷം അദ്ദേഹം പഴയ വാഹനങ്ങളുടെ രജിസ്‍ട്രേഷന്‍ പുതുക്കി. തുടര്‍ന്ന് പുതിയ കാറുകളുടെ രജിസ്‍ട്രേഷന്‍ സ്വന്തം പേരിലേക്ക് മാറ്റാന്‍ ഡ്രൈവറോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വിസമ്മതിച്ചു.
ഇതോടെയാണ് ഡ്രൈവര്‍ക്കെതിരെ പരാതിയുമായി അദ്ദേഹം അബുദാബി പ്രാഥമിക കോടതിയെ സമീപിച്ചത്. 14 ലക്ഷം ദിര്‍ഹം മുടക്കി താന്‍ വാങ്ങിയ മക് ലാറന്‍ 2018 മോഡല്‍ കാറും 5,68,000 ദിര്‍ഹം മുടക്കി വാങ്ങിയ റേഞ്ച് റോവര്‍ കാറും തന്റെ പേരിലേക്ക് മാറ്റണമെന്നായിരുന്നു ആവശ്യം. കാറുകള്‍ താന്‍ പണം മുടക്കി വാങ്ങിയതായതിനാല്‍ ഡ്രൈവറുടെ പേരിലുള്ള രജിസ്‍ട്രേഷന്‍ റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആഡംബര കാറുകളോട് പ്രിയമുള്ള ബിസിനസുകാരനായ താന്‍ വിദേശത്ത് പോകേണ്ട സമയമായിരുന്നതിനാലാണ് താത്കാലികമായി ഡ്രൈവറുടെ പേരില്‍ കാര്‍ രജിസ്റ്റര്‍ ചെയ്തതെന്നും അദ്ദേഹം ബോധിപ്പിച്ചു. കേസ് പരിഗണിച്ച കോടതി ഇക്കാര്യം പരിശോധിക്കാന്‍ ഒരു എഞ്ചിനീയറിങ് വിദഗ്ധനെ നിയോഗിച്ചു. കാറുകള്‍ രണ്ടും പരാതിക്കാരന്‍ തന്നെ പണം നല്‍കി വാങ്ങിയതാണെന്നും 2019 ജൂണില്‍ ഇവ രജിസ്റ്റര്‍ ചെയ്യാന്‍ ഡ്രൈവറെ ഏല്‍പ്പിച്ചതാണെന്നും അദ്ദേഹം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
എന്നാല്‍ ഒരു വാഹനത്തിന്റെ രജിസ്‍ട്രേഷന്‍ ഡ്രൈവര്‍ പിന്നീട് മറ്റൊരാളുടെ പേരിലേക്ക് മാറ്റിയെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ഇതോടെ വാഹനങ്ങളുടെ ഉടമസ്ഥാവകാശവും രജിസ്‍ട്രേഷനും റദ്ദാക്കി പരാതിക്കാരന്റെ പേരിലാക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു. പരാതിക്കാരന് നിയമനടപടികള്‍ക്ക് ചെലവായ തുക ഡ്രൈവര്‍ നല്‍കണമെന്നും കോടതി വിധിച്ചു.
ട്രാഫിക് വകുപ്പിലെ വാഹന രജിസ്‍ട്രേഷന്‍ എപ്പോഴും അതിന്റെ ഉടമസ്ഥാവകാശം സ്ഥാപിക്കുന്ന രേഖയാവണമെന്നില്ലെന്നും വാഹനങ്ങള്‍ പൊതു നിരത്തുകളില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കാനും അവ ഗതാഗത നിയമലംഘനം നടത്തിയാല്‍ അതിന് ഉത്തരവാദി ആരാണെന്ന് കണ്ടെത്തുന്നതിനുമുള്ള സംവിധാനമാണിതെന്നും കോടതി ഉത്തരവില്‍ പറയുന്നു.
Attempt to sink with owner's 3.8 crore worth of cars; The driver was trapped