ഷാര്‍ജ: പൊതുജനങ്ങളെ കബളിപ്പിച്ച് പണവും മറ്റ് വിലപ്പെട്ട സാധനങ്ങളും കവരാനുള്ള ശ്രമങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് (Sharjah Police) മുന്നറിയിപ്പ്.
ഷാര്‍ജ പൊലീസാണ് മുന്നറിയിപ്പ് നല്‍കിയത്. ശരീരത്തിലേക്കോ വസ്‍ത്രത്തിലേക്കോ തുമ്മുകയും തുപ്പുകയും ചെയ്‍ത് (Sneezing and spitting) പണം തട്ടാനുള്ള ശ്രമങ്ങള്‍ വരെ തട്ടിപ്പുകാര്‍ നടത്താറുണ്ടെന്ന് പൊലീസ് പറയുന്നു. വിവിധ തരം തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രതാ നിര്‍ദേശം നല്‍കിക്കൊണ്ടുള്ള പുതിയ ക്യാമ്പയിന് (security campaign) ഷാര്‍ജ പൊലീസ് തുടക്കം കുറിച്ചു. ഒക്ടോബര്‍ 24ന് ആരംഭിച്ചിരിക്കുന്ന ബോധവത്‍കരണ ക്യാമ്പയിന്‍ ഒരു മാസം നീണ്ടുനില്‍ക്കും.
അപരിചിതനായ ഒരാള്‍ പെട്ടെന്ന് അടുത്തേക്ക് വന്ന് നിങ്ങളുടെ ശരീരത്തിലേക്കോ വസ്‍ത്രത്തിലേക്കോ തുമ്മുകയോ തുപ്പുകയോ ചെയ്യും. അബദ്ധത്തില്‍ സംഭവിച്ച് പോകുന്ന പോലെയായിരിക്കും പലപ്പോഴും ഇത്. ഈ സമയത്ത് നിങ്ങളുടെ ശ്രദ്ധ മാറുമ്പോള്‍ പഴ്‍സോ പണമോ സംഘത്തിലുള്ള മറ്റുള്ളവര്‍ കൈക്കലാക്കുമെന്നും പൊലീസ് പറയുന്നു.
കാര്‍ വില്‍പ്പനക്കാരെന്ന തരത്തിലാണ് തട്ടിപ്പിനുള്ള മറ്റൊരു പദ്ധതി. വിപണി വിലയേക്കാള്‍ കുറഞ്ഞ വിലയ്‍ക്ക് കാര്‍ നല്‍കാമെന്ന് പറയുകയും പണം വാങ്ങുകയും ചെയ്യും. പെട്ടെന്ന് തന്നെ ഇടപാടുകളെല്ലാം തീര്‍ത്ത് പണം കൈപ്പറ്റിക്കഴിഞ്ഞാല്‍ വാഹനം എത്തിക്കാതെ മുങ്ങുന്നതാണ് ഇക്കൂട്ടരുടെ രീതി. ഇത്തരത്തില്‍ തട്ടിപ്പുകാര്‍ ഉപയോഗിക്കാന്‍ സാധ്യതയുള്ള വഴികളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് ബോധവത്കരണം നടത്തുകയാണ് ഷാര്‍ജ പൊലീസ്.
ഈ വര്‍ഷത്തെ ആദ്യ പകുതിയില്‍ നിരവധി മോഷണ, പോക്കറ്റടി കേസുകളാണ് എമിറേറ്റില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ഇതില്‍ നടപടി സ്വീകരിച്ച് വ്യാപക അന്വേഷണം നടത്തി നിരവധി തട്ടിപ്പുകാരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഇത്തരം തട്ടിപ്പുകള്‍ക്കെതിരായ ജാഗ്രത പൊതു സമൂഹത്തില്‍ നിന്നുകൂടി ഉണ്ടാകണമെന്നും പൊലീസ് അഭ്യര്‍ത്ഥിച്ചു
Beware of those who sneeze and spit on clothes