ദുബായ് : ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന ചില കമ്പനികൾ സ്പോൺസർമാരെ തെറ്റിദ്ധരിപ്പിക്കുന്നതായി ദുബായ് എമിഗ്രേഷൻ പ്രോസിക്യൂഷൻ മേധാവി ജസ്റ്റിസ് അലി ഹുമൈദ് ബിൻ ഖാത്തം പറഞ്ഞു. തൊഴിലാളിയും സ്പോൺസറും റിക്രൂട്ടിങ് കമ്പനികളും തൊഴിൽ നിയമം പാലിക്കണം. ഗാർഹിക തൊഴിലാളിയെ നിയമിച്ചാൽ 2 വർഷം സുരക്ഷിത കാലമായി കണക്കാക്കുന്നു. ഇതിനിടെ തൊഴിലാളി ഒളിച്ചോടിയാൽ സെക്യൂരിറ്റി തുകയിൽ ശേഷിക്കുന്നതു സ്പോൺസർക്ക് തിരികെ കിട്ടും.
എന്നാൽ സുരക്ഷിത കാലം 6 മാസം മാത്രമാണെന്നു ചില റിക്രൂട്ടിങ് കമ്പനികൾ സ്പോൺസർമാരെ തെറ്റിദ്ധരിപ്പിക്കുന്നു. ശമ്പളം നൽകാത്തതും ഉപദ്രവിക്കുന്നതുമടക്കമുള്ള നിയമലംഘനങ്ങൾ മൂലം തൊഴിലാളി ഒളിച്ചോടിയാൽ സ്പോൺസർക്ക് ഒരു ആനുകൂല്യവും ലഭിക്കില്ല. ശമ്പളം നൽകിയ രേഖ സൂക്ഷിക്കണം തൊഴിലാളികളും സ്പോൺസറും റിക്രൂട്ടിങ് കമ്പനികളും ചേർന്നാണ് നിയമന കാര്യങ്ങൾ ക്രമീകരിക്കേണ്ടത്.
തൊഴിലിന്റെ സ്വഭാവവും നിയമാനുകൂല്യങ്ങളും റിക്രൂട്ടിങ് കമ്പനികൾ തൊഴിലാളികളെ ബോധ്യപ്പെടുത്തണം. ഡ്രൈവിങ് അറിയാത്തയാളെ കമ്പനി നിയമിച്ചാൽ അയാളെ തിരിച്ചയയ്ക്കുന്നതും അതിനു ചെലവിട്ട പണം തിരിച്ചുനൽകുന്നതും കമ്പനിയുടെ ബാധ്യതയാണ്.
ഒളിച്ചോടിയാൽ പരാതിപ്പെടണം ഗാർഹിക തൊഴിലാളി ഒളിച്ചോടിയാൽ സ്പോൺസർ 10 ദിവസത്തിനകം എമിഗ്രേനിൽ റിപ്പോർട്ട് ചെയ്യണം. ഇല്ലെങ്കിൽ, തൊഴിലാളി പിടിക്കപ്പെടുമ്പോൾ പിഴ നൽകേണ്ടിവരും. തൊഴിലുടമയുടെ ഗാരന്റി തുക തിരിച്ചു കിട്ടാനും ഇതാവശ്യമാണ്. ഓരോ മാസാവസാനവും തൊഴിലാളികൾക്ക് വേതനം നൽകണമെന്നാണു നിയമം. 6 മാസത്തിലധികം വേതനം കിട്ടാതെ തൊഴിലാളി ഒളിച്ചോടിയാൽ സ്പോൺസർക്ക് സെക്യൂരിറ്റി തുക തിരികെ കിട്ടില്ല. ശമ്പളം നൽകിയാൽ അതിന്റെ രേഖകൾ സ്പോൺസർമാർ സൂക്ഷിക്കണം. തൊഴിലാളികളുടെ വീസ കാലാവധി കഴിഞ്ഞ് 2 വർഷം കഴിഞ്ഞിട്ടും പുതുക്കാത്ത സ്പോൺസർമാരുണ്ടെന്നും ചൂണ്ടിക്കാട്ടി.
Domestic worker hire: Don't mislead sponsor in Dubai