Feb 3, 2023 05:47 PM

അബുദാബി: സന്ദര്‍ശക വിസയില്‍ യുഎഇയില്‍ പ്രവേശിച്ച ശേഷം വിസാ കാലാവധി കഴിഞ്ഞും രാജ്യം വിട്ടു പോകാത്തവര്‍ക്ക് മുന്നറിയിപ്പുമായി ട്രാവല്‍ ഏജന്‍സികള്‍. ഇത്തരക്കാര്‍ക്കെതിരെ ട്രാവല്‍ ഏജന്‍സികള്‍ കേസ് ഫയല്‍ ചെയ്യുകയാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതുമൂലം സന്ദര്‍ശകര്‍ ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെടാനും ഭാവിയില്‍ യുഎഇയിലോ മറ്റ് ഗള്‍ഫ് രാജ്യങ്ങളിലോ പ്രവേശിക്കുന്നതില്‍ വിലക്ക് നേരിടേണ്ടി വരുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിസാ കാലാവധി കഴിഞ്ഞ് അഞ്ച് ദിവസത്തിനകം രാജ്യംവിട്ടു പോകാത്തവരാണ് ഈ നടപടികള്‍ക്ക് വിധേയരാകേണ്ടി വരിക.

വിസാ കാലാവധി കഴിഞ്ഞ് ഒരു ദിവസമെങ്കിലും അധികമായി യുഎഇയില്‍ താമസിക്കുന്നവര്‍ ഇത്തരം നടപടികള്‍ക്ക് വിധേയരായേക്കാമെന്നും ഇക്കാര്യത്തില്‍ മറ്റ് മുന്നറിയിപ്പുകള്‍ ഉണ്ടാവില്ലെന്നുമാണ് ട്രാവല്‍ ഏജന്‍സികളുടെ നിലപാട്. ഇത്തരമൊരു സാഹചര്യം ഒഴിവാക്കാന്‍ വിസ പുതുക്കുകയോ അല്ലെങ്കില്‍ രാജ്യം വിട്ടു പോവുകയോ വേണമെന്ന് അറിയിപ്പില്‍ പറയുന്നു.

വിസാ കാലാവധി കഴിഞ്ഞ് അഞ്ച് ദിവസത്തിലധികം രാജ്യത്ത് താമസിക്കുന്നവര്‍ക്കെതിരെ നിയമനടപടികളിലേക്ക് കടക്കുമെന്നാണ് മറ്റൊരു ട്രാവല്‍ ഏജന്‍സി പുറത്തിറക്കിയ അറിയിപ്പിലുള്ളത്.ട്രാവല്‍ ഏജന്‍സികള്‍ വഴി എടുക്കുന്ന സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ തങ്ങളുടെ സ്‍പോണ്‍സര്‍ഷിപ്പില്‍ ആയിരിക്കുമെന്നതിനാല്‍, അവര്‍ വിസാ കാലാവധി കഴിഞ്ഞും രാജ്യത്ത് താമസിച്ചാല്‍ അതിന് തങ്ങള്‍ കൂടി ഉത്തരവാദികളാവുമെന്നും ഈ സാഹചര്യം ഒഴിവാക്കാന്‍ തങ്ങള്‍ നിയമനടപടികള്‍ സ്വീകരിക്കുകയാണെന്നും ട്രാവല്‍ ഏജന്‍സി ജീവനക്കാര്‍ വിശദീകരിക്കുന്നു.

അധികമായി താമസിക്കുന്ന ദിവസത്തേക്ക് അധികൃതര്‍ സ്‍പോണ്‍സറില്‍ നിന്നാണ് പിഴ ഈടാക്കുന്നത്. ഈ പിഴത്തുക ട്രാവല്‍ ഏജന്‍സികള്‍ സന്ദര്‍ശകരില്‍ നിന്ന് വാങ്ങുകയാണ് ചെയ്യുന്നത്. പിഴ അടയ്ക്കേണ്ടി വരുന്നത് മാത്രമല്ല, തങ്ങളുടെ സ്‍പോണ്‍സര്‍ഷിപ്പിലുള്ളവര്‍ യഥാസമയം രാജ്യം വിട്ടു പോയില്ലെങ്കില്‍ തങ്ങള്‍ക്ക് പിന്നീട് വിസാ അപേക്ഷകള്‍ നല്‍കുന്നതിന് പോര്‍ട്ടലില്‍ വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്യുന്നുണ്ട്. നേരത്തെ ഉണ്ടായിരുന്നതിനേക്കാള്‍ നടപടികള്‍ കൂടുതല്‍ കര്‍ശനമായ സാഹചര്യത്തില്‍ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ തങ്ങള്‍ സന്ദര്‍ശകര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുകയാണെന്ന് ട്രാവല്‍ ഏജന്‍സികള്‍ വിശദീകരിക്കുന്നു.

Travel agencies warn those who do not leave the country after the expiry of the visitor visa

Next TV

Top Stories