Feb 6, 2023 01:26 PM

മനാമ: പുതിയ ചില തട്ടിപ്പുരീതികളാണ് ബഹ്റൈ നിൽ ഇപ്പോൾ ചർച്ച വിഷയം.ഓൺലൈൻ ഷോപ്പിങ് സൈറ്റുകളിൽനിന്ന് സാധനങ്ങൾ ഓർഡർ ചെയ്ത് കബളിപ്പിക്കുന്ന രീതിയാണ് പുതിയത്. ഇതര രാജ്യങ്ങളിൽനിന്ന് എത്തിയവരാണ് ഇത്തരം തട്ടിപ്പുകൾ നടത്തുന്നതെന്ന് അനുഭവസ്ഥർ പറയുന്നു. ലാപ്ടോപ്, മൊബൈൽ ഫോൺ തുടങ്ങിയ വിലകൂടിയ സാധനങ്ങൾ വാങ്ങിയാണ് തട്ടിപ്പ് നടത്തുന്നത്.

ബഹ്റൈനിലെ പ്രമുഖ ഓൺലൈൻ ഷോപ്പിങ് സ്ഥാപനത്തിൽ ജോലിചെയ്യുന്ന മലയാളിയും സമാന തട്ടിപ്പിനിരയായി. ഉപഭോക്താവ് ഓർഡർ ചെയ്ത ലാപ്ടോപ്പുമായി വിലാസത്തിൽ പറഞ്ഞിരുന്ന സ്ഥലത്തെത്തിയ ഇദ്ദേഹത്തെ ഒരു സ്ത്രീയാണ് സ്വീകരിച്ചത്. ബെനഫിറ്റ് പേ വഴി പണം നൽകാമെന്ന് പറഞ്ഞ അവർ രണ്ടുമൂന്ന് തവണ പണമയക്കാൻ ശ്രമിക്കുന്നതായി ഭാവിക്കുകയും ചെയ്തു. ഇതിനിടെ അവർ ലാപ്ടോപ് വാങ്ങി ഹാളിലെ സോഫയിൽ വെച്ചിരുന്നു.

പണം ലഭിക്കാതായതോടെ ഇദ്ദേഹം ലാപ്ടോപി തിരികെ ചോദിച്ചു. അടുത്ത ദിവസം വന്നാൽ പണമായി നൽകാമെന്നുപറഞ്ഞ് അവർ ലാപ്ടോപ് തിരികെ നൽകി. തുടർന്ന് ഇദ്ദേഹം ഓഫീസിലെത്തി നോക്കിയപ്പോൾ ലാപ്ടോപ്പിന് പകരം കുറച്ച് പേപ്പർ മാത്രമാണ് ഉണ്ടായിരുന്നത്. ഉടൻ തന്നെ ഇദ്ദേഹം സമീപത്തുള്ള പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. സമാനമായ പരാതികൾ നിരവധി വരുന്നുണ്ടെന്നാണ് പൊലീസുകാരും ഇദ്ദേഹത്തോട് പറഞ്ഞത്.

നിരവധി മലയാളികളും ഇത്തരം തട്ടിപ്പുകൾക്ക് ഇരയായിട്ടുണ്ട്. ഒരു ഭക്ഷണ വിതരണ സ്ഥാപനത്തിലെ ഡെലിവറി ബോയിക്ക് 15 ദിനാറിന് പകരം 1.5 ദിനാർ മാത്രം ബെനഫിറ്റ് പേയിൽ അയച്ചുകൊടുത്ത് തട്ടിപ്പ് നടത്തിയ സംഭവവുമുണ്ടായി. സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ അങ്ങേയറ്റം ജാഗ്രതപുലർത്തണമെന്ന സന്ദേശമാണ് ഇത്തരം അനുഭവങ്ങൾ നൽകുന്നതെന്ന് അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു.

New scams hot in Bahrain

Next TV

News Roundup