അബുദബി: (gccnews.com) പൊതുസ്ഥലത്ത് വാഹനങ്ങളിൽ നിന്ന് മനപൂർവ്വം അമിത ശബ്ദം ഉണ്ടാക്കുന്നവർക്ക് മുന്നറിയിപ്പുമായി അബുദബി പൊലീസ്.
പൊതു സ്ഥലങ്ങളിൽ അമിത ശബ്ദം പുറപ്പെടുവിപ്പിച്ച് ശാന്തത നഷ്ടപ്പെടുത്തുകയോ, റോഡുകളിൽ അപകടങ്ങൾ സൃഷ്ടിക്കുകയോ ചെയ്യരുതെന്നാണ് ഡ്രൈവർമാർക്ക് അധികൃതർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നിയമം ലംഘിക്കുന്ന ഡ്രൈവർമാരിൽ നിന്ന് 2000 ദിർഹം പിഴയായി ഈടാക്കുന്നതാണ്.
ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 20 പ്രകാരമുള്ള അമിത ശബ്ദത്തിൽ വാഹനം ഓടിക്കുന്നതിനുള്ള ശിക്ഷയും ലഭിക്കും. കൂടാതെ ഇത്തരത്തിൽ വാഹനമോടിക്കുന്നവർക്കായുള്ള മുന്നറിയിപ്പ് നൽകുന്ന ബോധവത്കരണ വീഡിയോ പൊലീസ് പുറത്തുവിട്ടു.
അമിതമായി ശബ്ദമുണ്ടാക്കുന്ന ഹോൺ, അമിതമായി ആക്‌സിലറേഷൻറെ ഉപയോഗം എന്നിവ ഒഴിവാക്കാൻ ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി. ഇത് കുട്ടികൾ, രോഗികൾ, പ്രായമായവർ ഉൾപ്പടെയുള്ള താമസക്കാർക്കിടയിൽ കാര്യമായ അസ്വസ്ഥതയും ഉത്കണ്ഠയും ഉണ്ടാക്കുന്നുവെന്നും പൊലീസ് പറഞ്ഞു.
സുരക്ഷാ നടപടികൾ കർശനമായി പാലിക്കണമെന്ന് അബുദബി പൊലീസ് നിർദേശിച്ചു. പൊതു റോഡുകൾ സുരക്ഷിതവും നിശബ്ദവുമാണെന്ന് ഉറപ്പുവരുത്തണമെന്നും പൊലീസ് നിർേദശിച്ചു. 999 കമാൻഡ് ആൻഡ് കൺട്രോൾ സെൻ്റർ ഹോട്ട്‌ലൈനിലൂടെ ശബ്ദമുണ്ടാക്കുന്ന വാഹനങ്ങളെ കുറിച്ച് നേരിട്ട് പൊലീസിൽ റിപ്പോർട്ട് ചെയ്യാവുന്നതാണ്.
#dirham #fine #vehicles #making #excessive #noise #AbuDhabi #Police #warning