മസ്‌കത്ത്: (gcc.truevisionnews.com) ഒമാനിലെ സ്കൂൾ വിദ്യാർഥികൾക്ക് ഇന്ന് വീട്ടിലിരുന്ന് ഓൺലൈൻ ആയി പഠിക്കാം.
രാജ്യത്തുടനീളം മഴ കനക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് രാജ്യത്തെ സ്കൂളുകൾക്ക് ഇന്നത്തെ പഠനം ഓൺലൈനിൽ ആയിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയമാണ് പ്രഖ്യാപിച്ചത്.
മസ്‌കത്ത് ഗവര്‍ണറേറ്റിലെ സീബ് വിലായത്ത്, തെക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ ബര്‍ക, മുസന്ന വിലായത്തുകളിലും വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ ഖാബൂറ, സുവൈഖ് വിലായത്തുകളിലുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ഇന്ന് ഓൺലൈൻ പഠനം അനുവദിച്ചിരിക്കുന്നത്.
അതേസമയം, ഒമാന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ ഭാഗികമായി മഴ ലഭിച്ചു. ലിവ, സുഹാര്‍, അവാബി, റുസ്താഖ്, ബിദ്ബിദ്, ഖസബ്, ശിനാസ് വിലായത്തുകളില്‍ ഇന്നലെ മഴ പെയ്തു.
ഇന്നും മഴ തുടരുമെന്നും കാറ്റ് വീശുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തിരമാലകള്‍ ഉയരാന്‍ സാധ്യത ഉള്ളതിനാല്‍ തീരദേശവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
#rain #Oman #today #classes #online #school #students