കുവൈത്ത് സിറ്റി: (truevisionnews.com) അബ്ദലി റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് മലയാളി മരിച്ചു. എറണാകുളം താന്നിപ്പുഴ മരോട്ടിക്കുടി വീട്ടിൽ സോണി സണ്ണിയാണ് (29) മരിച്ചത്.
ബുധനാഴ്ച ഉച്ചതിരിഞ്ഞായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ വാഹനങ്ങൾ മറിയുകയും തീപിടിക്കുകയും ചെയ്തിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയതിനു ശേഷമുള്ള അന്വേഷണത്തിലാണ് മരിച്ച ഒരാൾ മലയാളി ആണെന്നു തിരിച്ചറിഞ്ഞത്.
കുവൈത്ത് അൽ ഗാനിം ഇന്റർനാഷനൽ കമ്പനിയിൽ തൊഴിലാളി ആയിരുന്ന സോണി ഈജിപ്ഷ്യൻ സ്വദേശി ഖാലിദ് റഷീദിക്കൊപ്പം സൈറ്റിലേക്ക് പോകുന്നതിനിടെയാണ് അപകടം.
ഖാലിദ് റഷീദിയും അപകടത്തിൽ മരിച്ചു. കൂട്ടിയിടിച്ച വാഹനം ഓടിച്ചയാൾ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. വിവാഹ വാർഷികം ആഘോഷിക്കാൻ സോണി സണ്ണി നാട്ടിലേക്ക് പോകാനുള്ള ടിക്കറ്റ് എടുത്തിരുന്നു.
ഇതിനുള്ള ഒരുക്കങ്ങൾക്കിടയിലാണ് അപകടം കടന്നുവന്നത്. മൃതദേഹം ഫർവാനിയ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കെ.കെ.എം.എ മാഗ്നറ്റ് വിഭാഗം മൃതദേഹം നാട്ടിൽ കൊണ്ടു പോകുന്നതിനുള്ള നടപടി ക്രമങ്ങൾ നടത്തി വരുന്നു.
പിതാവ്: സണ്ണി. മാതാവ്: ഡെയ്സി സണ്ണി. ഭാര്യ: സോണി സണ്ണി. സഹോദരൻ: സോയ് സണ്ണി.
#Malayali #died #after #vehicles #collided #Abdali #Road.