റിയാദ് : (gccnews.com) അറിവുത്സവത്തിന്റെ പൂരത്തിനൊടുവിൽ അഞ്ച് പുരുഷ കേസരികളെ മുട്ടുകുത്തിച്ച് കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
സൗദി അറേബ്യയിലെ റിയാദ് ജീനിയസ്-2024' കിരീടം നേടി. ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച പരിപാടിയിലാണ് റിയാദിൽ പ്രവാസിയായ നിവ്യയുടെ നേട്ടം.
കേളി കലാസാംസ്കാരിക വേദിയുടെ 23-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി മലാസ് ലുലു റൂഫ് അരീനയിൽ തിങ്ങി നിറഞ്ഞ ആയിരങ്ങളെ സാക്ഷി നിർത്തി നടന്ന പരിപാടിയിൽ 357 പേർ ആദ്യ റൗണ്ടിൽ മാറ്റുരച്ചു.
16 ചോദ്യങ്ങളിൽ നിന്നും കൂടുതൽ മാർക്ക് നേടിയ ആറുപേരാണ് ഫൈനൽ മത്സരത്തിൽ മാറ്റുരച്ചത്.
രാജേഷ്, ഷമൽ രാജ്, നിബു വർഗ്ഗീസ്, ബഷീർ, അക്ബർ അലി എന്നിവരാണ് ഫൈനൽ റൗണ്ടിലെത്തിയ മറ്റു മത്സരാർഥികൾ. കാതോർത്തും കൺപാർത്തും, ബേക്കേഴ്സ് സ്ട്രീറ്റ്, പ്രവാസലോകം, ഗ്രാൻഡ് മാസ്റ്റർ സ്പെഷ്യൽ, മണിച്ചിത്രത്താഴ് എന്നിങ്ങനെ അഞ്ച് റൗണ്ടുകളായാണ് മത്സരം നടന്നത്.
അത്യന്തം ആവേശവും ജിജ്ഞാസയും നിറഞ്ഞ മത്സരത്തിൽ കാണികളായെത്തിയ അയ്യായിരത്തോളം വരുന്ന ജനത നിശബ്ദരായി മത്സരാവസാനം വരെ വീക്ഷിച്ചു.
ഓരോ റൗണ്ടുകൾ പിന്നിടുമ്പോഴും മത്സരാർത്ഥികൾ ഒപ്പത്തിനൊപ്പം നീങ്ങിയത് കാണികളെ ആകാംക്ഷാഭരിതരാക്കി.
ഫൈനൽ റൗണ്ടിൽ മാത്രം 90 പോയിന്റ് നേടി ആകെ 190 പോയിന്റ് കരസ്ഥമാക്കിയാണ് നിവ്യ നേട്ടം കൊയ്തത്. തലശ്ശേരി വടക്കുമ്പാട് എസ് എൻ പുരത്തെ ദിനേശൻ സുഷമ ദമ്പതികളുടെ മകളാണ് നിവ്യ.
#NivyaSimnesh,#native #Kannur #won #Riyadh #Genius-2024 #title