റിയാദ്: (gccnews.com) ഹജ്ജ് സീസൺ ആസന്നമായിരിക്കെ രാജ്യത്തെ നഗരങ്ങൾക്കിടയിൽ ബസുകളിൽ തീർഥാടകരെ മക്കയിലേക്കും തിരിച്ചും എത്തിക്കുന്നതിനുള്ള സേവനങ്ങൾ വർധിപ്പിച്ചതായി ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.
നഗരങ്ങൾക്കിടയിൽ ബസുകൾ വഴി യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന തീർഥാടകർക്ക് ഈ സേവനങ്ങൾ ലഭ്യമാകും.
രാജ്യത്തെ നഗരങ്ങൾക്കും പ്രദേശങ്ങൾക്കും ഇടയിൽ ബസുകളിൽ യാത്രക്കാരെ എത്തിക്കുന്നതിൽ വൈദഗ്ധ്യവും പരിചയസമ്പത്തുമുള്ള മൂന്ന് പ്രമുഖ കമ്പനികളെ ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്.
നോർത്ത് വെസ്റ്റ് കമ്പനി, ദർബ് അൽവത്വൻ കമ്പനി, സാറ്റ് കമ്പനി എന്നിവയാണിത്. തീർഥാടകരെ മക്കയിലേക്ക് കരമാർഗം കൊണ്ടുപോകുന്നതിനുള്ള ഉത്തരവാദിത്തം ഈ കമ്പനികൾക്കായിരിക്കും.
ദുൽഖഅദ് ഒന്ന് മുതൽ ദുൽഹജ്ജ് 15 വരെയുള്ള കാലയളവിലാണ് ബസ് സർവിസുണ്ടാകുക. രാജ്യത്തുടനീളം 260 ലധികം സ്ഥലങ്ങളിൽ ഈ സേവനങ്ങൾ ലഭ്യമാണെന്നും പ്രതിദിനം 200ലധികം ബസുകൾ മക്കയിലേക്ക് പുറപ്പെടുമെന്നും അതോറിറ്റി സൂചിപ്പിച്ചു.
രാജ്യത്തെ വിവിധ നഗരങ്ങളിൽ നിന്ന് തീർഥാടകർക്ക് സുരക്ഷിതവും വിശ്വസനീയവുമായ ഗതാഗത സേവനങ്ങൾ നൽകുകയെന്ന ലക്ഷ്യത്തോടെയാണ് ബസ് സർവിസിൽ വിദഗ്ധരും വിശ്വസനീയമുമായ കമ്പനികൾ മുഖേന ഗതാഗത വകുപ്പ് മക്കയിലേക്കും തിരിച്ചു ബസ് സർവിസ് ഏർപ്പെടുത്തിയിരിക്കുന്നത്.
ഹജ്ജ് നിർവഹിക്കാനുള്ള തീർഥാടകരുടെ ആവശ്യങ്ങൾ പൂർത്തിയാക്കുകയും മക്കയിലേക്കുള്ള യാത്രയിൽ വിവിധ ഗതാഗത ഓപ്ഷനുകൾ ആസ്വദിക്കാൻ അവസരമൊരുക്കുന്നതിനുമാണെന്നും ഗതാഗത അതോറിറ്റി പറഞ്ഞു.
ജനറൽ ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ വെബ്‌സൈറ്റ് സന്ദർശിച്ച് ടിക്കറ്റ് റിസർവേഷൻ ചെയ്യാം.
#Hajj #season; #Bus #service #increased #pilgrims # Makkah