കുവൈത്ത് സിറ്റി: (gccnews.in) ഇന്ത്യയിൽ ലോക്സഭ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാനിരിക്കെ പ്രവാസലോകത്തും ആകാംക്ഷ.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ എൻ.ഡി.എ അധികാരത്തിൽ തുടരുമോ, പുതിയ തരംഗമായി ഇൻഡ്യ സഖ്യം ഉദയം ചെയ്യുമോ എന്ന കാത്തിരിപ്പിലാണ് പ്രവാസികളും.
ഫല പ്രഖ്യാപന ദിവസങ്ങൾ അടുത്തതോടെ പ്രവാസികൾക്കിടയിലെ പ്രധാന ചർച്ച വിഷയവും തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ചാണ്. ഓരോ ദിവസവും തെരഞ്ഞെടുപ്പ് വാർത്തകളും വിശകലനങ്ങളും പ്രവാസികൾ ശ്രദ്ധിച്ചുവരുന്നുണ്ട്.
തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിനു പിറകെ നാട്ടിലേതിന് തുല്യമായി പ്രവാസലോകവും വോട്ടെടുപ്പിന്റെ ആവേശത്തിലായിരുന്നു.
വിവിധ സംഘടനകളുടെയും കൂട്ടായ്മകളുടെയും നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് കൺവെൻഷനുകൾ, വോട്ട് ഉറപ്പിക്കാനുള്ള ശ്രമങ്ങൾ എന്നിവക്ക് കുവൈത്തിലും തുടക്കമിട്ടിരുന്നു.
മുൻ ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകൾക്ക് സമാനമായി വിപുല പ്രചാരണ പരിപാടികളാണ് നടന്നത്. നാട്ടിൽ നിന്ന് നേതാക്കൾ നേരിട്ടെത്തിയും ഓൺലൈൻ യോഗങ്ങളിൽ പങ്കെടുത്തും അണികളുടെ വോട്ട് ഉറപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തി.
കടുത്ത പാർട്ടി അനുയായികൾ നാട്ടിലെത്തി തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഭാഗമാകുകയും വോട്ട് ചെയ്ത് മടങ്ങുകയും ചെയ്തു.
സമൂഹമാധ്യമ കൂട്ടായ്മകൾ രൂപവത്കരിച്ച് കുവൈത്തിലിരുന്ന് പ്രചാരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരും ഉണ്ട്. തെരഞ്ഞെടുപ്പ് ഫലം തത്സമയം കാണാനുള്ള സൗകര്യവും വിവിധ സംഘടനകൾ ഒരുക്കിയിട്ടുണ്ട്.
ഇന്ത്യയും കുവൈത്തും രണ്ടര മണിക്കൂർ വ്യത്യാസമുള്ളതിനാൽ കുവൈത്ത് സമയം ഉച്ചയോടെ ഫലത്തിന്റെ ട്രെന്റ് അറിയാനാകും. മൊബൈൽ ഫോണിലാകും ചൊവ്വാഴ്ച കുവൈത്തിലെ ഇന്ത്യക്കാരുടെ കണ്ണും മനസ്സും.
വോട്ടെണ്ണൽ ദിവസം കുവൈത്തിൽ പ്രവൃത്തി ദിനമായതിനാൽ ചിലരൊക്കെ ലീവെടുത്ത് ഫലം അറിയാനുള്ള കാത്തിരിപ്പിലാണ്. മറ്റു ചിലർ ഓഫിസിൽ തന്നെ ഫലം അറിയാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.
അതേസമയം, കഴിഞ്ഞ ദിവസം വന്ന എക്സിറ്റ് പോൾ ഫലവും ചർച്ചയായിട്ടുണ്ട്. ഇൻഡ്യ മുന്നണി അനുഭാവികൾ എക്സിറ്റ് പോൾ ഫലങ്ങളെ നിരാകരിക്കുന്നു.
അതേസമയം ബി.ജെ.പി അനുഭാവികൾ ആഹ്ലാദത്തോടെയാണ് എക്സിറ്റ് പോളുകളെ വരവേറ്റത്. പാർട്ടിക്ക് വലിയ പ്രതീക്ഷകൾ ഇല്ലെന്ന സൂചന ലഭിച്ചതോടെ ഇടത് അനുഭാവികൾക്കിടയിലും നിരാശ ഉടലെടുത്തിട്ടുണ്ട്.
#Electionresult; #Exile #world #aspiration