ജിദ്ദ: (gccnews.in) ഹജ്ജ് തീർഥാടകരുടെ സുരക്ഷയ്ക്കായി നിർമിതബുദ്ധിയിലുള്ള സ്മാർട്ട് സംവിധാനങ്ങളൊരുക്കുന്നു.
ഹജ്ജ് വേളയിൽ മലമുകളിൽനിന്ന് പാറകൾ ഉരുണ്ടുവീഴുന്നതും കനത്തമഴയുടെ ലക്ഷണങ്ങൾ നിരീക്ഷിക്കാനും അസ്ഥിരകാലാവസ്ഥയിൽ റോഡുകൾ അടച്ചിടുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളും മുന്നറിയിപ്പുകളുമെല്ലാം സ്മാർട്ട് സംവിധാനത്തിലൂടെ മുൻകൂട്ടി അറിയാനാവും.
നേരിട്ട് അപകടസിഗ്നലുകൾ അയക്കുന്ന രീതിയാണിത്. സൗദിയിൽ ഇതാദ്യമായാണ് ഇത്തരം സംവിധാനമൊരുക്കുന്നത്.
സ്മാർട്ട് സംവിധാനത്തിന്റെ പരീക്ഷണം ഇതിനകം ജനറൽ അതോറിറ്റി ഫോർ റോഡ്സ് ആരംഭിച്ചു. ഗതാഗത ലോജിസ്റ്റിക്സ് മന്ത്രിയും ജനറൽ റോഡ് അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാനുമായ എൻജിനിയർ സ്വാലിഹ് ബിൻ നാസർ അൽ ജാസറിന്റെ നേതൃത്വത്തിൽ തായിഫ് ഗവർണറേറ്റിലെ അക്ബത്ത് അൽ-ഹദയിലാണ് ആദ്യപരീക്ഷണം നടത്തിയത്.
വിവിധ റോഡുകളിലായി നിർമിതബുദ്ധിയിലുള്ള ആറ് ക്യാമറകൾ സ്ഥാപിച്ചായിരുന്നു പരീക്ഷണം.
ആഗോളതലത്തിൽ സൗദിയിലെ റോഡ് ഗുണനിലവാരം ആറാം സ്ഥാനത്തേക്ക് ഉയർത്തുകയും 2030-ഓടെ റോഡപകടമരണനിരക്ക് കുറയ്ക്കുകയുമാണ് ലക്ഷ്യം. ഇതിനുപുറമേ തീർഥാടകർക്ക് സൗജന്യ ഇന്റർനെറ്റ് സേവനവും ലഭ്യമാക്കും.
ഇസ്ലാമികകാര്യ മന്ത്രാലയത്തിന്റെ ഇലക്ട്രോണിക് സേവനങ്ങൾ പ്രയോജനപ്പെടുത്താനും സ്മാർട്ട് സംവിധാനങ്ങൾ നേരിട്ട് ഉപയോഗിക്കാനും ഇതിലൂടെയാവും.
#Smartsystem #safety #Hajjpilgrims