ദുബൈ: (gccnews.in) വ്യാജ ടെലികോം നെറ്റ്വർക് സംബന്ധിച്ച് ജാഗ്രത മുന്നറിയിപ്പ് നൽകി അധികൃതർ. മൂന്ന് ചൈനീസ് പൗരന്മാരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിന്റെ തുടർച്ചയായാണ് ജാഗ്രത നിർദേശം നൽകിയത്.
പ്രമുഖ ടെലികോം നെറ്റ് വർക്കുകൾ ജാമാക്കി അത്യാധുനിക ഉപകരണം ഉപയോഗിച്ച് ഇവരുടെ നെറ്റ്വർക്കിലേക്ക് മാറ്റാൻ പ്രേരിപ്പിക്കുന്നതായിരുന്നു രീതി.
ടെക്സ്റ്റ് മെസേജ് ആയി ഫോണിലേക്ക് ലിങ്ക് അയച്ച് ക്ലിക്ക് ചെയ്യുന്നവരുടെ ഫോണിൽനിന്ന് വിവരങ്ങൾ ചോർത്തുന്ന ഉപകരണം ഇവർ പ്രവർത്തിപ്പിച്ചിരുന്നത് തിരക്കേറിയ ഭാഗങ്ങളിൽ നിർത്തിയിട്ട കാറിനകത്തുനിന്നായിരുന്നു.
ദുബൈയിൽ അറസ്റ്റിലായവരെ തട്ടിപ്പുകാർ ടെലിഗ്രാം ആപ്പിലൂടെ റിക്രൂട്ട് ചെയ്തതായിരുന്നു. ഒരാളെ കാറിന്റെ ഡ്രൈവറായും മറ്റെയാളെ ഉപകരണം പ്രവർത്തിക്കുന്നവരുമായാണ് നിയമിച്ചത്.
ഹാക്കിങ് ഉപകരണം രാജ്യത്തേക്ക് അനധികൃതമായി കടത്തിയതിനാണ് മൂന്നാമത്തെയാളെ അറസ്റ്റ് ചെയ്തത്. മൂന്നുപേർക്കും ആറുമാസം തടവുശിക്ഷ വിധിച്ചു.
ശിക്ഷാകാലം കഴിഞ്ഞാൽ മൂന്നുപേരെയും നാടുകടത്തും. ബാങ്കിൽനിന്നും സർക്കാർ വകുപ്പുകളിൽനിന്നും എന്ന രീതിയിൽ സന്ദേശം ലഭിച്ചവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്.
അംഗീകൃത ടെലികോം കമ്പനികളെ ബന്ധപ്പെട്ടപ്പോൾ അവർ ഇത്തരത്തിൽ സന്ദേശം അയച്ചിട്ടില്ലെന്നറിയിച്ചു. തുടർന്നാണ് ഹാക്കിങ് കണ്ടെത്തിയത്. വ്യാജന്മാരുടെ ലിങ്കിൽ നാം ക്ലിക്ക് ചെയ്താൽ ഫോണിൽ അവർക്ക് നിയന്ത്രണം സ്ഥാപിക്കാൻ കഴിയും.
പിന്നീട് ഫോണിലെ ബാങ്ക് ആപ്ലിക്കേഷൻ ഡിലീറ്റ് ചെയ്ത് വ്യാജ ആപ് സ്ഥാപിക്കുന്നത് ഉൾപ്പെടെ കാര്യങ്ങൾ അവർക്ക് ചെയ്യാനാകും.
ജാഗ്രത പാലിക്കണമെന്നും തട്ടിപ്പിന്റെ സൂചന ലഭിച്ചാൽ അധികൃതരെ അറിയിക്കണമെന്നും ടെലികോം ഉപഭോക്താക്കൾക്ക് നിർദേശം നൽകി.
ഒറ്റനോട്ടത്തിൽ ടെലികോം കമ്പനികൾ അയച്ചതാണെന്ന് തോന്നിയാലും എസ്.എം.എസ് ആയി അയച്ചുകിട്ടുന്ന ലിങ്കുകൾ അലക്ഷ്യമായി തുറക്കരുത്, വെബ്സൈറ്റുകളുടെ ആധികാരികത പരിശോധിക്കണം, ടു ഫാക്ടർ ഓതന്റിക്കേഷൻ പ്രവർത്തനക്ഷമമാക്കി വെക്കണം,
വിവിധ വകുപ്പുകൾ ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്ന ലിങ്കുകൾ മാത്രം ഉപയോഗിക്കുക,
വ്യാജന്മാർ ഡൊമൈൻ നെയിമിൽ ചെറിയ സ്പെല്ലിങ് വ്യത്യാസം വരുത്തിയാണ് പ്രവർത്തിക്കാറുള്ളത് -ഇത് ശ്രദ്ധിക്കണം തുടങ്ങിയ മുന്നറിയിപ്പ് നിർദേശങ്ങളാണ് അധികൃതർ നൽകിയത്.
#Fake #Telecom #Network: #Authorities #Warn