കുവൈത്ത് സിറ്റി: (gccnews.in) സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിലെ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചാണ് ഫ്ലാറ്റിൽ തീപടർന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്ന് നിയമലംഘനങ്ങൾ പരിശോധിക്കാൻ കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശം.
കെട്ടിട ഉടമയെ അറസ്റ്റ് ചെയ്യാൻ സർക്കാർ ഉത്തരവിട്ടു. നിയമം ലംഘനം ഉണ്ടായിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കാനും അന്വേഷണം തീരുന്നതുവരെ കെട്ടിട ഉടമയെയും സെക്യൂരിറ്റി ജീവനക്കാരനെയും കസ്റ്റഡിയിൽ വയ്ക്കാനും ഉത്തരവിട്ടു.
രാജ്യത്തെ വിവിധ കെട്ടിടങ്ങളിൽ മിന്നൽ പരിശോധന നടത്തി സുരക്ഷ ഉറപ്പാക്കാനും ഉത്തരവിൽ പറഞ്ഞു. കെട്ടിടത്തിലെ സുരക്ഷാ സംവിധാനങ്ങൾ പരിശോധിക്കും.
കെട്ടിട ഉടമയുടെ അത്യാഗ്രഹമാണ് അപകടത്തിലേക്കു നയിച്ചതെന്ന് ഉപപ്രധാനമന്ത്രി ഷെയ്ക് ഫഹദ് യൂസുഫ് സൗദ് അൽ സബാഹ് പറഞ്ഞു. ആഭ്യന്തര മന്ത്രാലയം അന്വേഷണം ഊർജിതമാക്കി.
തെക്കൻ കുവൈത്തിൽ അഹമ്മദി ഗവർണറേറ്റിലെ മംഗഫിൽ വിദേശ തൊഴിലാളി തിങ്ങി പാർക്കുന്ന മേഖലയിലാണ് ഇന്നലെ പുലർച്ചെ തീ പിടിത്തമുണ്ടായത്. തൊഴിലാളികളെ പാർപ്പിച്ചിരുന്ന 6 നില കെട്ടിടത്തിലുണ്ടായ വൻ തീപിടിത്തത്തിൽ മലയാളികൾ അടക്കം 49 പേർ മരിച്ചു.
മരിച്ചവരിൽ 25 പേരെങ്കിലും മലയാളികളാണെന്നാണ് കമ്പനി അധികൃതർ നൽകുന്ന വിവരം. കെട്ടിടത്തിന്റെ (ബ്ലോക്ക്–4) താഴത്തെ നിലയിൽ നിന്നു തീ പടരുകയായിരുന്നു. ഇരുനൂറോളം പേരാണ് ഈ കെട്ടിടത്തിൽ താമസിച്ചിരുന്നതെന്നാണ് പ്രാഥമിക വിവരം.
ഈജിപ്ഷ്യൻ സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിൽ സൂക്ഷിച്ചിരുന്ന പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകട കാരണം. പുക ശ്വസിച്ചാണ് കൂടുതൽ പേരും മരിച്ചത്. സ്വദേശി പൗരന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം.
ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫ്, മുബാറക് അൽ അകബീർ, അഹ്മദി മേഖലാ ഗവർണർമാരും ഇന്ത്യൻ സ്ഥാനപതി ഡോ.ആദർശ് സ്വൈകയും സംഭവസ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
പരുക്കേറ്റവരെ ആശുപത്രിയിലും സന്ദർശിച്ചു. പരുക്കേറ്റ ഇന്ത്യക്കാർക്ക് മികച്ച ചികിത്സ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയതായി സ്ഥാനപതി പറഞ്ഞു. അപകടത്തിൽ പരുക്കേറ്റവരെ കുവൈത്തിലെ അദാൻ, ജുബൈർ, ഫർവാനിയ, സബ, ജാസിർ എന്നീ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കമ്പനിയുടെ സ്പോൺസർ കൂടിയാണ് കെട്ടിടത്തിന്റെ ഉടമസ്ഥനായ കുവൈത്ത് സ്വദേശി. വിവിധ ഫ്ലാറ്റുകളിലായി 195 പേർക്ക് താമസിക്കാനുള്ള സൗകര്യമാണുണ്ടായിരുന്നത്. കെട്ടിടത്തിൽ ഉണ്ടായിരുന്ന 92 പേർ സുരക്ഷിതരാണ്.
20 പേർ നൈറ്റ് ഡ്യൂട്ടി ആയതിനാൽ സ്ഥലത്ത് ഇല്ലായിരുന്നു. പരുക്കേറ്റവരിൽ പലരും അപകടനില തരണം ചെയ്തതായി ഇന്ത്യൻ സ്ഥാനപതി അറിയിച്ചു.
മലയാളി വ്യവസായിയുടെ ഉടമസ്ഥതയിലുള്ള എൻബിടിസി കമ്പനിയിലെ ജീവനക്കാർ താമസിക്കുന്ന ഫ്ലാറ്റിലാണ് തീപിടിത്തമുണ്ടായത്. പുലർച്ചെ നാലിനാണ് തീ പടർന്നത്. ഈ സമയം തൊഴിലാളികളിൽ ഭൂരിഭാഗവും ഉറക്കത്തിലായിരുന്നത് അപകടത്തിന്റെ ആഘാതം വർധിപ്പിച്ചു.
#Kuwaitfire: #Order #arrest #building #owner; #fire #started #cylinder