കുവൈത്ത് സിറ്റി: (gccnews.in) മൻഗഫ് തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ കുവൈത്തിൽ വെയർഹൗസ് -പാർപ്പിട ചെലവ് കൂടുന്നു.
ഗുണനിലവാരം മെച്ചപ്പെടുത്താൻ വലിയ പ്രവർത്തനച്ചെലവ് വരുന്നതാണ് കാരണം. ബാച്ചിലർ തൊഴിലാളികളുടെ താമസ സൗകര്യങ്ങളുമായും വെയർഹൗസുകളുമായും ബന്ധപ്പെട്ട ചിലവ് വർദ്ധിപ്പിക്കുമെന്ന് അറബ് ടൈംസ് ഓൺലൈൻ.
ഈ സാഹചര്യം വരാനിരിക്കുന്ന കാലയളവിൽ ഉയർന്ന ടെൻഡർ വിലകളിലേക്ക് നയിച്ചേക്കാമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
തീപിടിത്തത്തോടെ വെയർഹൗസുകളും ബാച്ചിലേഴ്‌സ് കെട്ടിടങ്ങളും സുരക്ഷിതവും നിലവാരമുള്ളതുമാകണമെന്ന നിബന്ധന കർശനമായി പാലിച്ചുവരികയാണ്.
ഇത് ഇത്തരം കെട്ടിടങ്ങളുടെ വാടക ഗണ്യമായി വർദ്ധിപ്പിച്ചിരിക്കുകയാണ്. നിയമലംഘിച്ചുള്ള കെട്ടിടങ്ങൾക്കെതിരെ അധികൃതർ കർശന നടപടിയാണ് സ്വീകരിക്കുന്നത്.
മതിയായ മേൽനോട്ടമില്ലാതെ അപ്പാർട്ടുമെന്റുകൾ വെയർഹൗസുകളായി വാടകയ്ക്ക് നൽകിയവർക്ക് ബുദ്ധിമുട്ടുണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.
മുനിസിപ്പൽ ലൈസൻസുകൾക്ക് വിരുദ്ധമായി കെട്ടിടത്തിൽ മാറ്റം വരുത്തിയത് പ്രശ്‌നം കൂടുതൽ വഷളാക്കുന്നു.
മൻഗഫ് ദുരന്തത്തെത്തുടർന്ന്, വെയർഹൗസ് വാടകയിൽ 40 ശതമാനം വർധനയുണ്ടായിട്ടുണ്ടെന്നാണ് വാർത്തയിൽ വ്യക്തമാക്കുന്നത്.
അനധികൃത കെട്ടിട ബേസ്‌മെന്റുകൾ വെയർഹൗസുകളായി ഉപയോഗിക്കുന്ന നിരവധി നിക്ഷേപകർക്ക് ബദൽ സംഭരണ കേന്ദ്രം ഭരണകൂടം നൽകിയില്ലെങ്കിൽ 100 ശതമാനം നിരക്ക് വർദ്ധനവ് പ്രതീക്ഷിക്കുന്നുണ്ട്. അങ്ങനെ വന്നാൽ ചരക്കുകളുടെ വിലയിലും വർധനവുണ്ടായേക്കും.
#Manguff #disaster #Warehouse #housing #costs #RIse #Kuwait