അൽഐൻ: (gccnews.in) യു.എ.ഇയിലെ വിദ്യാലയങ്ങളിൽ ഇനി അവധിക്കാലം. ജൂൺ 29 മുതൽ ആഗസ്റ്റ് 25 വരെയാണ് മധ്യവേനലവധി. ആഗസ്റ്റ് 26ന് തുറക്കും.
ഏഷ്യൻ പാഠ്യപദ്ധതി പ്രകാരമുള്ള വിദ്യാലയങ്ങളിൽ ഒന്നാം പാദത്തിന്റെ അവസാനവും യു.എ.ഇ പാഠ്യപദ്ധതിക്ക് കീഴിലുള്ള വിദ്യാലയങ്ങളിലും സെപ്റ്റംബറിൽ അധ്യയന വർഷം ആരംഭിക്കുന്ന മറ്റു വിദ്യാലയങ്ങളിലും അധ്യയനവർഷത്തിന്റെ അവസാനവുമാണ് വെള്ളിയാഴ്ച.
സെപ്റ്റംബറിൽ അധ്യയന വർഷം ആരംഭിക്കുന്ന വിദ്യാലയങ്ങളിൽ വാർഷിക പരീക്ഷ കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കു മുമ്പ് തന്നെ പല വിദ്യാർഥികൾക്കും അവധി ആരംഭിച്ചിരുന്നു.
ഷാർജ എമിറേറ്റ്സ് അടക്കം ചില വിദ്യാലയങ്ങളിൽ അവധി ആരംഭിക്കുന്നത് ജൂലൈ അഞ്ച് മുതലാണ്. ഇവിടെ ജൂലൈ നാലാണ് വിദ്യാലയങ്ങളുടെ അവസാന പ്രവൃത്തിദിനം.
ബലിപെരുന്നാൾ ആഘോഷിക്കാൻ സ്കൂൾ അടക്കുന്നതിന് മുമ്പ് തന്നെ നാട്ടിലേക്ക് തിരിച്ച കുടുംബങ്ങളും നിരവധിയാണ്. മധ്യവേനൽ അവധിക്കാലത്താണ് കുടുംബങ്ങൾ അധികവും സ്വദേശത്തേക്ക് പോകുന്നത്.
കടുത്ത ചൂടിൽ നിന്ന് ആശ്വാസം തേടി കുടുംബസമേതം നാട്ടിൽ പോയി അടുത്ത ബന്ധുക്കളെ സന്ദർശിക്കാനും കേളത്തിലെ മഴക്കാലം ആസ്വദിക്കാനും ആഗ്രഹിക്കുന്നവരാണ് മലയാളി കുടുംബങ്ങൾ ഏറെയും.
അവധിക്കാലങ്ങളിൽ വിമാന ടിക്കറ്റ് നിരക്കിലെ അമിത വർധനയാണ് പലപ്പോഴും നാട്ടിലേക്കുള്ള യാത്രയിൽ പ്രവാസി കുടുംബങ്ങൾക്ക് വിലങ്ങുതടിയാകാറുള്ളത്.
ഈ അവധിക്കാലത്ത് മുൻവർഷങ്ങളെ അപേക്ഷിച്ച് വലിയ തോതിൽ വിമാന നിരക്ക് വർധിച്ചിട്ടില്ല എന്നത് ആശ്വാസമാണ്.
പൊതു-സ്വകാര്യ വിദ്യാലയങ്ങളുടെ സർക്കാർ കലണ്ടർ നേരത്തെ തന്നെ പ്രഖ്യാപിക്കുകയും എയർ ഇന്ത്യ എക്സ്പ്രസ്, ഒമാൻ എയർ തുടങ്ങി വിമാന കമ്പനികൾ വേനൽക്കാല ഷെഡ്യൂൾ പ്രഖ്യാപിച്ചപ്പോൾ കുറഞ്ഞ നിരക്കിൽ പലരും ടിക്കറ്റ് ബുക് ചെയ്യുകയും ചെയ്തിട്ടുണ്ട്.
അവധിക്കാലത്ത് യാത്രക്കാർ വർധിക്കുന്നതിനാൽ വിമാനത്താവളങ്ങളിലും അവിടേക്കുള്ള റോഡുകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
അതിനാൽ തന്നെ യാത്രക്കാർ നേരത്തെ വിമാനത്താവളങ്ങളിൽ എത്തിച്ചേരണമെന്ന് വിമാന കമ്പനികളും വിമാനത്താവള അധികൃതരും മുന്നറിയിപ്പ് നൽകുന്നുണ്ട്.
#Holidays #Schools #UAE