ദുബൈ: (gccnews.in) യു.എ.ഇയിൽ വളരെ അപൂർവമായി കാണുന്ന പാമ്പായ അറേബ്യൻ പൂച്ചക്കണ്ണൻ പാമ്പിന്റെ ചിത്രം പകർത്തി മലയാളി ഫോട്ടോഗ്രാഫർമാർ.
സുഹൃത്തുക്കളായ നിമിഷ് പീറ്റർ, നാച്ചു സീന, ഡോ. നൗഷാദ് അലി, അനീഷ് കരിങ്ങാട്ടിൽ എന്നിവരാണ് ചിത്രം പകർത്തിയത്.
കൊളുബ്രിഡേ കുടുംബത്തിൽപെട്ട നേരിയ വിഷമുള്ള പാമ്പാണ് അറേബ്യൻ പൂച്ചക്കണ്ണൻ പാമ്പ് (ടെലിസ്കോപ്പസ് ധാര).
പ്രായപൂർത്തിയായ അറേബ്യൻ പൂച്ചക്കണ്ണൻ പാമ്പുകൾക്ക് സാധാരണയായി 60 മുതൽ 70 സെന്റീമീറ്റർ വരെ നീളമുണ്ടാകുമെന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നു.
യമന്, ഒമാൻ, യു.എ.ഇ എന്നിവിടങ്ങളിലെ പാറക്കെട്ടുകളിലും പർവതപ്രദേശങ്ങളിലും ഇവയെ കാണാറുണ്ട്.
ഹജ്ർ മലനിരകളിൽ ഏറെനേരത്തെ അന്വേഷണത്തിനും നിരീക്ഷണത്തിനും ശേഷമാണ് അപൂർവ പാമ്പിന്റെ ചിത്രം പകർത്തിയതെന്നും പാമ്പിനെ കണ്ടുപിടിക്കൽ വലിയ ടാസ്ക് തന്നെയായിരുന്നുവെന്നും ഇവർ ഗൾഫ് മാധ്യമത്തോട് പറഞ്ഞു.
#Malayali #photographers #captured #picture #snake