ദുബായ്: (gccnews.in) പ്രവാസി ഇന്ത്യക്കാരുടെ പ്രതിനിധിയായി 5 പതിറ്റാണ്ടിലേറെ യുഎഇയിൽ നിറഞ്ഞുനിന്ന വ്യവസായി റാം ബുക്സാനി (83) അന്തരിച്ചു.
ഞായറാഴ്ച പുലർച്ചെ ദുബായിലെ വസതിയിലാണ് മരിച്ചത്. ക്ലാർക്കായി ജോലി ചെയ്ത കമ്പനി സ്വന്തമാക്കി; ഓർമ്മയായത് ദുബായുടെ കൂടെ ഉയരങ്ങൾ താണ്ടിയ ഇന്ത്യൻ പ്രവാസി വ്യവസായി ദുബായിലെ ഇന്റർനാഷനൽ ട്രേഡേഴ്സ് ലിമിറ്റഡ് (ഐടിഎൽ) കമ്പനിയുമായി സഹകരിച്ചിരുന്ന കെഎജെ ചോതിർമാൾ ആൻഡ് കമ്പനിയിൽ 1959ൽ ഓഫിസ് അസിസ്റ്റന്റായി ജോലി ആരംഭിച്ച ബുക്സാനി 2014ൽ കോസ്മോസ് ഐടിഎൽ ഗ്രൂപ്പിന്റെ ചെയർമാൻ സ്ഥാനത്തെത്തി.
2000 മുതൽ 8 വർഷം ഇൻഡസ്ഇൻഡ് ബാങ്കിന്റെ ഡയറക്ടറും 4 വർഷം ദുബായിലെ ഇന്ത്യൻ ഹൈസ്കൂളിന്റെ ചെയർമാനുമായിരുന്നു.
റോട്ടറി ക്ലബ് ഓഫ് ജുമൈറയുടെ പ്രസിഡന്റാണ്. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്, എംബസി എന്നിവയുമായി ബന്ധപ്പെട്ട് ഇന്ത്യൻ സമൂഹത്തിന് സഹായമേകുന്നതിനായി അവസാന നാളുകളിൽ പോലും സജീവമായിരുന്നു.
അവിഭക്ത ഇന്ത്യയുടെ ഭാഗമായിരുന്ന പാക്കിസ്ഥാനിലെ സിന്ധിൽ 1941ലാണ് ജനനം.
വിഭജനത്തിനു പിന്നാലെ ഗുജറാത്തിലേക്കു കുടിയേറുകയായിരുന്നു. 1959 നവംബർ 18നാണ് ആദ്യമായി ദുബായിൽ എത്തുന്നത്. തുടർന്ന്, ഓവർസീസ് ഇന്ത്യൻസ് ഇക്കോണമിക്ക് ഫോറത്തിന്റെ സ്ഥാപകനും ചെയർമാനുമായിരുന്നു.
പിന്നീട് ഇക്കണോമിക് ഫോറം ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷനൽ കൗൺസിലിൽ ലയിച്ചു. യുദ്ധകാലത്ത് കുവൈത്ത് നിന്നു പലായനം ചെയ്ത മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് അഭയകേന്ദ്രം ഒരുക്കുന്നതിലും മുന്നിൽ നിന്നതോടെ ഇന്ത്യൻ സർക്കാരിനെയും പ്രവാസികളെയും കൂട്ടിയിണക്കുന്ന പ്രധാന കണ്ണിയായി അദ്ദേഹം മാറി.
സിന്ധി വിഭാഗത്തിന്റെ പ്രതിനിധിയായി അറിയപ്പെടാൻ ആഗ്രഹിച്ച അദ്ദേഹത്തിന് ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ സ്ഥാപക പിതാവ് എന്ന വിശേഷണവുമുണ്ട്.
വാഷിങ്ടൻ ഇന്റർനാഷനൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇന്റർനാഷനൽ ബിസിനസിൽ ഗവേഷണം പൂർത്തിയാക്കിയ അദ്ദേഹത്തിന് മുംബൈയിലെ ഡിവൈ പാട്ടീൽ യൂണിവേഴ്സിറ്റി ഡിലിറ്റ് സമ്മാനിച്ചിട്ടുണ്ട്.
പ്രവാസ ലോകത്തിനു നൽകിയ സംഭാവനകൾ മാനിച്ചാണ് ഡിലിറ്റ് നൽകി ആദരിച്ചത്. കോസ്മോസ് ഐടിഎൽ കമ്പനി പുറത്തിറക്കിയ ക്വാളിറ്റ് ഐസ്ക്രീം ഗൾഫ് രാജ്യങ്ങളിൽ വലിയ പ്രചാരം നേടിയിരുന്നു.
പ്രവാസികൾ ഗൃഹാതുരതയോടെ ഓർക്കുന്ന കുക്കു ക്ലോക്ക് (റിഥം കമ്പനി), കാസിയോ, ഷാർപ് എസി എന്നിവയുടെ വിതരണവും ബുക്സാനിയുടെ കമ്പനിയാണ് നടത്തിയിരുന്നത്. ദെയ്റയിലെ അംബാസഡർ ഹോട്ടൽ, അസ്റ്റോറിയ ഹോട്ടൽ എന്നിവയിൽ ഓഹരി പങ്കാളിത്തവുമുണ്ട്.
ഫോബ്സ് മിഡിൽ ഈസ്റ്റ് മധ്യപൂർവ ദേശത്തെ ഇന്ത്യൻ നേതാവായി 3 തവണ റാം ബുക്സാനിയെ തിരഞ്ഞെടുത്തിട്ടുണ്ട്. 2017ൽ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡും സമ്മാനിച്ചു.
എഴുത്തുകാരൻ, നാടക അഭിനേതാവ് എന്നീ നിലകളിലും ബുക്സാനി പേരെടുത്തിട്ടുണ്ട്. 28 നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ‘ടേക്കിങ് ദ് ഹൈവേ റോഡ്’ എന്നതാണ് ആത്മകഥ. ബുക്സാനിയുടെ നിര്യാണത്തിൽ ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ അനുശോചിച്ചു.
ഇന്ത്യൻ സമൂഹത്തിന് അവരുടെ മാതൃകാപുരുഷനെയും ഗുരുവിനെയുമാണ് നഷ്ടപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. ബുക്സാനിയുടെ ഭാര്യ: വീണ. മക്കൾ: ഗൗരി, ചേത്‌ന, രേഖ. സംസ്കാരം നാളെ ദുബായിൽ.
#UAE #tears #Founding #father #Indian #expatriate #community #passesaway