മസ്കത്ത്: ഒമാനിലെ സ്വർണ വിപണിയിൽ 30 ശതമാനത്തിന്റെ ഇടിവെന്ന് സ്ഥിരീകരിച്ച് സ്വർണ വ്യാപാരികൾ. വർഷാരംഭം മുതലേ ക്രമേണ വർധിച്ചുപോന്ന വില വിൽപ്പനയെ സാരമായിത്തന്നെ ബാധിച്ചെന്നും വ്യാപാരികൾ വ്യക്തമാക്കുന്നു.
മറ്റു രാജ്യങ്ങളിലെയടക്കം വ്യാപാരതന്ത്രങ്ങളുടെയും സാമ്പത്തികമായ ഏറ്റക്കുറച്ചിലുകളുടെയും മാറ്റങ്ങളാണ് വിലക്കയറ്റത്തിന് കാരണമായതെന്നാണ് വ്യാപാരികൾ ചൂണ്ടിക്കാണിക്കുന്നത്.
വിപണിയിലുണ്ടാവുന്ന മാറ്റങ്ങളും സ്വർണം വാങ്ങാൻ ആളുകളെത്താത്തതും വ്യാപാരികളെ നിരാശരാക്കുന്നുണ്ട്. 2024ന്റെ തുടക്കത്തിൽ ഒമാനിൽ ഒരുഗ്രാം സ്വർണത്തിന്റെ വില 22 റിയാലായിരുന്നു. എന്നാൽ, ഇന്നത് 27 റിയാലായി ഉയർന്നിട്ടുണ്ട്. ഇത് ജനങ്ങളെ സ്വർണം വാങ്ങുന്നതിൽ നിന്ന് നിരുത്സാഹപ്പെടുത്തിയിട്ടുണ്ട്.
കല്യാണവും മറ്റുമുള്ള സാഹചര്യങ്ങളും വരുമ്പോൾ ജനങ്ങൾ സ്വർണം പൂശിയ ആഭരണങ്ങളും വെള്ളി ആഭരണങ്ങളുമാണ് നിലവിൽ ആശ്രയിക്കുന്നത്. ഇത് സ്വർണക്കട ഉടമകളെയും വ്യാപാരികളെയും ബാധിക്കുമെന്നും മുത്തറ സൂഖിലെ സ്വർണക്കടയുടമ പറഞ്ഞു.
ഉൽപ്പാദിപ്പിക്കുന്ന രാജ്യങ്ങളുടെയും ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെയും വിപണികളിലെ ഊഹക്കച്ചവടങ്ങളും മിഡിലീസ്റ്റിലെ നിലവിലെ സാഹചര്യങ്ങളും വിലവർധനവിന് കാരണമായതായും ചിലർ ചൂണ്ടിക്കാണിക്കുന്നു.
വില ഉയരുന്നത് വ്യാപാരികളെ ബാധിക്കുന്നതോടൊപ്പം അവർ മറ്റു വ്യാപാര മേഖലകൾ തേടിപ്പോവുമെന്നും വ്യാപാരികൾ ആശങ്ക പങ്കുവെക്കുന്നു.
#30 #percent #drop #gold #market #oman #traders #are #worried