---
title: " #violation | വിവിധ നിയമലംഘനങ്ങൾ; ഒരാഴ്​ചക്കിടെ 19,989 പ്രവാസികൾ പിടിയിൽ"
english_title: "#various #violations #law #19989 #expatriates #were #arrested #one #week"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/229247/various-violations-law-19989-expatriates-were-arrested-one-week"
published_at: "2024-08-18T17:23:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66c1e0d27ee86_violation.jpg"
keywords: []
---

#  #violation | വിവിധ നിയമലംഘനങ്ങൾ; ഒരാഴ്​ചക്കിടെ 19,989 പ്രവാസികൾ പിടിയിൽ

> **Lead Summary:** **അൽഖോബാർ: **വിസ, തൊഴിൽ, അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിച്ച 19,989 പ്രവാസികൾ കൂടി സൗദിയിൽ അറസ്​റ്റിൽ.

## Article Content

**അൽഖോബാർ: **വിസ, തൊഴിൽ, അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിച്ച 19,989 പ്രവാസികൾ കൂടി സൗദിയിൽ അറസ്​റ്റിൽ.

ആഗസ്​റ്റ്​ എട്ട്​ മുതൽ 14 വരെ രാജ്യത്തുടനീളം ആഭ്യന്തര മന്ത്രാലയം നടത്തിയ പരിശോധനയിലാണ് വിദേശി നിയമലംഘകർ പിടിയിലായത്​.

‘നിയമലംഘകരില്ലാത്ത രാജ്യം’ എന്ന പേരിൽ കഴിഞ്ഞ എട്ട്​ വർഷമായി മന്ത്രാലയം വിവിധ​ സുരക്ഷാ സേനകളുടെയും മാനവവിഭവശേഷി മ​ന്ത്രാലയത്തി​െൻറയും സഹകരണത്തോടെ തുടരുന്ന നടപടിയുടെ ഭാഗമാണിത്​.

അനധികൃത താമസവുമായി (വിസാനിയമ ലംഘനം) ബന്ധപ്പെട്ട് 12,608 പേരും അതിർത്തി സുരക്ഷാനിയമ ലംഘനത്തിന്​ 4,519 പേരും തൊഴിൽ നിയമലംഘനങ്ങൾക്ക് 2,862 പേരുമാണ്​ പിടിയിലായാത്.

രാജ്യാതിർത്തി നുഴഞ്ഞുകടക്കാൻ ശ്രമിക്കുന്നതിനിടെ 913 പേരും പിടിയിലായി. ഇതിൽ 32 ശതമാനം യമനികളും 65 ശതമാനം ഇത്യോപ്യക്കാരും മൂന്ന്​ ശതമാനം മറ്റ് രാജ്യക്കാരുമാണെന്നും അധികൃതർ വ്യക്തമാക്കി.

അനധികൃതമായി രാജ്യം വിടാൻ ശ്രമിച്ചതിന് 34 പേരും അറസ്​റ്റിലായിട്ടുണ്ട്​. നിയമലംഘകർക്ക്​ യാത്രാ, താമസസൗകര്യങ്ങൾ ഒരുക്കുകയും ജോലിനൽകുകയും അവരുടെ നിയമലംഘനം മറച്ചുവെക്കുകയും ചെയ്​തതിന്​ ഒമ്പത് പേർ വേറെയും പിടിയിലായി.

നേരത്തെ പിടിയിലായി നാടുകടത്തൽ (തർഹീൽ) കേന്ദ്രത്തിൽ തുടരുന്ന 15,803 പേർക്കെതിരായ നിയമനടപടികൾ പുരോഗമിക്കുകയാണ്​.

14,491 പുരുഷന്മാരും 1,312 സ്ത്രീകളുമാണ്​ ഇതിലുള്ളത്​. ഇതിൽ 5,028 പേരോട്​ സ്വന്തം രാജ്യങ്ങളു​ടെ എംബസികളോ കോൺസുലേറ്റുകളോ ആയി ബന്ധപ്പെടാൻ നിർദേശം നൽകിയിട്ടുണ്ട്.

നാട്ടിലേക്കുള്ള വിമാനടിക്കറ്റ്​ ലഭ്യമാക്കാൻ 2,955 പേരോട്​ ആവശ്യപ്പെട്ടിട്ടുണ്ട്​. ഈ നടപടികളെല്ലാം പൂർത്തിയാക്കിയ 11,361 പേരെ ഒരാഴ്​ചക്കിടെ നാടുകടത്തി.

നിയമലംഘകർക്ക്​ താമസ, ഗതാഗത സൗകര്യങ്ങൾ ഒരുക്കുന്നവർക്ക്​ 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയുമാണ്​ ശിക്ഷയെന്നും വാഹനവും വീടും കണ്ടുകെട്ടുമെന്നും മന്ത്രാലയം താക്കീത്​ ആവർത്തിച്ചു.

ഇത്തരം നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലുള്ളവർ 911 എന്ന നമ്പറിലും ബാക്കി ഭാഗങ്ങളിലുള്ളവർ 999, 996 എന്നീ നമ്പറുകളിലും വിളിച്ച് റിപ്പോർട്ട് ചെയ്യണമെന്ന്​ മന്ത്രാലയം പൊതുജനങ്ങളോട്​ അഭ്യർഥിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/229247/various-violations-law-19989-expatriates-were-arrested-one-week)