അബുദാബി:(gcc.truevisionnews.com)അബുദാബിയിൽ നിന്നുള്ള യാത്രക്കാർക്ക് മംഗ്ലുരു (െഎഎക്സ്ഇ), തിരുച്ചിറപ്പള്ളി (ടിആർഇസഡ്), കോയമ്പത്തൂർ (സിജെബി) എന്നീ മൂന്ന് ഇന്ത്യൻ നഗരങ്ങളിലേക്ക് നേരിട്ട് പറക്കാൻ കഴിയുമെന്ന് യുഎഇ ക്യാപിറ്റൽ എയർപോർട്ട് അതോറിറ്റി പ്രഖ്യാപിച്ചു.
നിലവിൽ അബുദാബിയിൽ നിന്ന് 13 ഇന്ത്യൻ നഗരങ്ങളിലേയ്ക്ക് പറക്കുന്ന ബജറ്റ് വിമാനമായ ഇൻഡിഗോയാണ് സായിദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് 3 ഇന്ത്യൻ നഗരങ്ങളിലേയ്ക്ക് കൂടി പറക്കുക.
ഈ വിപുലീകരണം യാത്രക്കാർക്ക് കൂടുതൽ സൗകര്യം സൃഷ്ടിക്കുമെന്ന് വ്യോമയാന വികസന വൈസ് പ്രസിഡന്റ് നതാലി ജോങ്മ പറഞ്ഞു.
അബുദാബി എയർപോർട്ടുകൾ ഈ വർഷത്തെ ആദ്യ ആറ് മാസങ്ങളിൽ യാത്രക്കാരുടെ എണ്ണത്തിൽ 33.5 ശതമാനം വർധനവ് രേഖപ്പെടുത്തി.
സായിദ് രാജ്യാന്തര എയർപോർട്ടിൽ ഇൻഡിഗോയുടെ ആഗോള വ്യാപനത്തിന് അനുയോജ്യമായ പങ്കാളിയെ ഞങ്ങൾ കണ്ടെത്തിയതായി എയർപോർട്ട് ഓപറേഷൻസ് ആൻഡ് കസ്റ്റമർ സർവീസ് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡൻ്റ് സഞ്ജീവ് രാംദാസ് പറഞ്ഞു.
കേരള–കർണാടക അതിർത്തി ജില്ലയായ കാസർകോട്ടെയും കണ്ണൂരിലേയും പ്രവാസികളായ യാത്രക്കാർക്ക് മംഗ്ലരുവിലേയ്ക്കുള്ള ഇൻഡിഗോ സർവീസ് ഏറെ ഗുണകരമാകും.
കൂടാതെ, വിമാനങ്ങൾ കുറവായതിനാൽ മംഗ്ലുരുവിലേയ്ക്ക് എന്നും ഉയർന്ന നിരക്ക് നൽകേണ്ടതിനും പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
#indigo #airlines #launch #3 #new #routes #india #from #abudhabi