കുവൈത്ത്: (gcc.truevisionnews.com) ഇറാൻ ചരക്കുകപ്പൽ കുവൈത്ത് തീരത്തു മറിഞ്ഞ് കാണാതായവരിൽ വെള്ളാട് കാവുംകുടി സ്വദേശി അമൽ കെ. സുരേഷും (26) ഉണ്ടെന്ന വിവരത്തെത്തുടർന്ന് ഡിഎൻഎ പരിശോധനയ്ക്കു നടപടി തുടങ്ങി.
കടലിൽനിന്നു കണ്ടെടുത്ത തിരിച്ചറിയാനാകാത്ത മൃതദേഹങ്ങളുടെ ഡിഎൻഎ പരിശോധന നടത്തുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യൻ എംബസി അധികൃതർ അമലിന്റെ വീട്ടുകാരെ ബന്ധപ്പെട്ടിരുന്നു.
നേരത്തേ, പാപ്പിനിശ്ശേരി കെഎസ്ഇബി സെക്‌ഷനിൽ ജോലി ചെയ്തിരുന്ന അമൽ, എട്ടുമാസം മുൻപാണ് കപ്പലിൽ ജോലിക്കു കയറിയത്.
പിതാവ്: കോട്ടയിൽ സുരേഷ്, മാതാവ്: ഉഷ. സഹോദരി: അൽഷ സുരേഷ് (നഴ്സ്, എകെജി ഹോസ്പിറ്റൽ, കണ്ണൂർ). എംബസി അധികൃതർ വിളിച്ചതിനു പിന്നാലെ ബന്ധുക്കൾ മുഖ്യമന്ത്രിയുടെയും കേരളത്തിൽനിന്നുള്ള കേന്ദ്ര മന്ത്രിമാരുടെയും സഹായം തേടിയിരുന്നു.
തുടർനടപടി നോർക്കയെ ഏൽപിച്ചതായി മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിയും ജോർജ് കുര്യനും കേന്ദ്ര മന്ത്രാലയവുമായി ബന്ധപ്പെടുന്നുണ്ട്.
#Shipwreck #Kuwait #coast #Kannur #native #among #missing #Procedure #DNA #testing