മസ്കത്ത്:(gcc.truevisionnews.com) പ്രവാചക സ്മരണയുയർത്തി ഒമാനിൽ നബിദിനം തിങ്കളാഴ്ച ആഘോഷിക്കും. ഇതിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിപുലമായ പരിപാടികളാണ് നടക്കുക.
ഒമാൻ ഔഖാഫ് മതകാര്യ മന്ത്രാലയം മുഹമ്മദ് നബിയുടെ ജീവിത സന്ദേശങ്ങൾ ജനങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായി പ്രഭാഷണ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.
വിവിധ മസ്ജിദുകളെ കേന്ദ്രീകരിച്ചും സന്ദേശ പ്രചരണ പരിപാടികൾ നടക്കും. കൂടാതെ മറ്റ് നിരവധി പരിപാടികളും നബി ദിനത്തിന്റെ ഭാഗമായുണ്ടാകും.
നബിദിനം ഏറെ ഭംഗിയായി ആഘോഷിക്കുന്നത് മലയാളികളാണ്. മദ്റസകളെ കേന്ദ്രീകരിച്ചാണ് ആഘോഷ പരിപാടികൾ നടക്കുന്നത്.
ഒമാനിലെ ഏതാണ്ടെല്ലാ മദ്റസകളിലും വിപുലമായ ആഘോഷ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. കുട്ടികളുടെ വിവിധ കലാപരിപാടികളാണ് ഇതിൽ പ്രധാനപ്പെട്ടത്.
ദഫ്, കോൽക്കളി, ഗാനങ്ങൾ തുടങ്ങിയ നിരവധി പരിപാടികൾ വിദ്യാർഥികൾ അവതരിപ്പിക്കും. ഇതിന്റെ പരിശീലനം നേരത്തെ തന്നെ ആരംഭിച്ചിരുന്നു.
അതോടൊപ്പം വിവിധ ഇനം മത്സര പരിപാടികളും മദ്റസ കേന്ദ്രമായി നടക്കുന്നുണ്ട്. വിവിധ മദ്റസകളിൽ നടക്കുന്ന പരിപാടികളിൽ രക്ഷിതാക്കളും സജീവമായി പങ്കെടുക്കും.
ഇവർക്കായി പൊതു സമ്മേളനങ്ങളും നടത്തുന്നുണ്ട്. പ്രമുഖരുടെ നബിദിന പ്രഭാഷണങ്ങളും പരിപാടിയുടെ ഭാഗമായി നടക്കുന്നുണ്ട്.
തിങ്കളാഴ്ച രാവിലെ മദ്റസകളിലും വീടുകളിലും ഫ്ലാറ്റുകളിലും മൗലിദ് പാരായണവും നടക്കുന്നുണ്ട്. വിവിധ ഇടങ്ങളിൽ റബീഉൽ അവ്വൽ ഒന്ന് മുതൽതന്നെ മൗലീദ് അടക്കമുള്ള നബിദിന പരിപാടികൾ ആരംഭിച്ചിരുന്നു.
നബിദിനത്തിന്റെ ഭാഗമായി മസ്കത്ത് സുന്നീ സെന്റർ മദ്റസയിൽ രാവിലെ ആറിന് മൗലിദ് പാരായണം നടക്കും. മദ്റസ കുട്ടികളുടെ വിവിധ കലാപരിപാടികൾ അടുത്ത മാസം 12ന് അൽ ഫലാജ് ഹോട്ടൽ ഹാളിലാണ്.
മസ്കത്ത് സുന്നി സെന്റർ ഓഫിസിൽ എല്ലാ ദിവസവും രാവിലെ ആറ് മണിക്ക് മൗലിദ് പാരായണവും നടക്കുന്നുണ്ട്.
വാദീ കബീർ, മത്ര, കോർണീഷ് എന്നിവിടങ്ങളിലും മൗലിദ് പാരായണവും നബി ദിന പ്രഭാഷണങ്ങളും നടക്കുന്നുണ്ട്.
അമീറാത്തിൽ ഈ മാസം 20ന് നടക്കുന്ന പരിപാടിയിൽ സിംസാറുൽ ഹഖ് ഹുദവിയാണ് മീലാദ് പ്രഭാഷണം നടത്തുന്നത്. അൽ അമിറാത്തിലെ ഷാമിഖാത്ത് ഹാളിൽ രാത്രി ഒമ്പതിനാണ് പരിപാടി.
മറ്റിടങ്ങളിൽ നടക്കുന്ന പരിപാടികളിലും നാട്ടിൽ നിന്നുള്ള പ്രമുഖർ പങ്കെടുക്കുന്നുണ്ട്. വിവിധ ഇടങ്ങളിൽ നബിദിന പ്രഭാഷണങ്ങളും മൗലിദ് പാരായണവുമാണ് നടക്കുന്നത്.
#Nabidhinam #tomorrow #prophetic #memory #Extensive #programs #different #parts #country