Dec 12, 2024 10:56 AM

അബുദാബി: (gcc.truevisionnews.com) സ്വകാര്യ ഫോട്ടോകൾ, വീഡിയോകൾ തുടങ്ങിയവ സ്മാർട്ട് ഫോണുകളിൽ സൂക്ഷിക്കുന്നത് ഒഴിവാക്കണമെന്ന മുന്നറിയിപ്പുമായി അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റ്.

താമസക്കാരോട് അവരുടെ സ്വകാര്യത സംരക്ഷിക്കാനും സൈബർ ചൂഷണത്തിന് ഇരയാകുന്നത് ഒഴിവാക്കാനും ശക്തമായ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.

കൂടുതൽ ഫീച്ചറുകളുമായി അപ്‌ഗ്രേഡ് ചെയ്ത സ്മാർട്ട്‌ഫോണുകളുടെ പുതിയ മോഡലുകൾ വരുന്നതോടെ അതിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നതിനായി പലരും തങ്ങളുടെ പഴയ സ്മാർട്ട് ഫോണുകൾ വിൽക്കാറാണ് പതിവ്.

എന്നാൽ ഇത് അതീവ ശ്രദ്ധയോടെയും ജാഗ്രതയോടെയും കൈകാര്യം ചെയ്തില്ലെങ്കിൽ വലിയ അപകടസാധ്യതകൾ അതിനു പിന്നിൽ പതിയിരിക്കുന്നുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

അനധികൃത വ്യക്തികൾക്ക് ഫോണിലെ വിവരങ്ങളിലേക്ക് പ്രവേശനം ലഭിച്ചാൽ അവ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതകൾ കൂടുതലാണെന്ന് അധികൃതർ അറിയിച്ചു.

ഫോണിലെ സ്വകാര്യ ഫോട്ടോകളും വീഡിയോകളും ഉൾപ്പെടെയുള്ള വിവരങ്ങൾ ഉപയോഗിച്ച് ബ്ലാക്ക് മെയിലിങ്ങും ചൂഷണവും നടക്കാനുള്ള സാധ്യതകൾ ഏറെയാണെന്നും അധികൃതർ പറഞ്ഞു.

തങ്ങളുടെ ഉപകരണങ്ങൾ മറ്റുള്ളവർക്ക് വിൽക്കുകയോ കൈമാറുകയോ ചെയ്യുന്നതിന് മുൻപായി പ്രധാനപ്പെട്ട ഡാറ്റ ബാക്കപ്പ് ചെയ്ത് വെക്കണം.

അവയിലെ എല്ലാ സെൻസിറ്റീവ് വിവരങ്ങളും പ്രത്യേകിച്ച്, സ്വകാര്യ ഫോട്ടോകളും വീഡിയോകളും പൂർണമായും നീക്കം ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും അധികൃതർ നിർദേശിച്ചു.

മൊബൈൽ ഫോൺ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ സുരക്ഷിതമാക്കേണ്ടതിൻ്റെ പ്രാധാന്യത്തെ കുറിച്ചും അതോറിറ്റി പറഞ്ഞു. വിശ്വാസയോഗ്യമല്ലാത്ത ആപ്പുകൾ ഡൗൺലോഡ് ചെയ്യരുത്.

സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നത് പോലുള്ള പ്രവർത്തികൾ ഒഴിവാക്കണമെന്നും പൊതുജനങ്ങളോട് അധികൃതർ അഭ്യർത്ഥിച്ചു.

സോഷ്യൽ മീഡിയയിൽ വ്യക്തിഗത വിവരങ്ങൾ പങ്കിടുമ്പോൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ താമസക്കാർക്ക് മുന്നറിയിപ്പ് നൽകി.

കുട്ടികളെ ചൂഷണം ചെയ്യാതിരിക്കാൻ അവരുടെ ഓൺലൈൻ പ്രവർത്തനങ്ങൾ മാതാപിതാക്കൾ നിരീക്ഷിക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

#warning #not #keep #private #photos #videos #phones #AbuDhabi #JudicialDepartment

Next TV

Top Stories










News Roundup