മനാമ: (gcc.truevisionnews.com) ഈ വർഷത്തെ റമദാനിൽ അവശ്യ വസ്തുക്കളുടെ വില കൂട്ടില്ലെന്നും സ്ഥിരമായ വിലയിൽതന്നെ തുടരുമെന്നും ബഹ്റൈനിലെ വ്യാപാരികൾ. 200ലധികം വ്യാപാരികൾ തീരുമാനത്തിൽ പ്രതിജ്ഞയെടുത്തതായി ബഹ്റൈൻ ചേംബർ ഉദ്യോഗസ്ഥർ പ്രഖ്യാപിച്ചു.
രാജ്യത്തെ പൊതുജനങ്ങൾക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കളുടെ മതിയായ സ്റ്റോക്ക് ഉറപ്പുവരുത്തിയിട്ടുണ്ട്. റമദാനിന് മുന്നോടിയായി ഹൈപ്പർമാർക്കറ്റുകളും റീട്ടെയിൽ സ്റ്റോറുകളും പ്രത്യേക പ്രമോഷനുകളും കിഴിവുകളും പ്രഖ്യാപിച്ചതായും ബഹ്റൈൻ ചേംബറിന്റെ ഭക്ഷ്യ മേഖല കമ്മിറ്റി ചെയർമാൻ ഖാലിദ് അൽ അമീൻ പറഞ്ഞു.
ഹൈപ്പർമാർക്കറ്റുകളുടെയും സ്റ്റോറുകളുടെയും പ്രതിനിധികളും മേധാവികളും പങ്കെടുത്ത വാർഷിക ഭക്ഷ്യ, വ്യാപാരികളുടെ റമദാൻ തയാറെടുപ്പ് വെർച്വൽ മീറ്റിങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യത്യസ്ത ഭക്ഷ്യവസ്തുക്കളുടെ ദൈനംദിന ഇറക്കുമതി ഏകദേശം 500 ടൺ ആണ്.
പഴങ്ങൾ, പച്ചക്കറികൾ, കോഴിയിറച്ചി, മാംസം എന്നിവയുടെ സമൃദ്ധമായ വിതരണം ഉറപ്പാക്കാൻ സിറിയ, സൗദി, ജോർഡൻ, ഈജിപ്ത്, ലബനാൻ, തുർക്കി എന്നിവയുൾപ്പെടെ വിവിധ വിപണികളിൽനിന്ന് ഇറക്കുമതി ചെയ്യുന്നുണ്ട്. ഭക്ഷണമോ മറ്റു വസ്തുക്കളോ പൂഴ്ത്തിവെക്കരുത്.
ഉൽപന്നങ്ങളുടെ വിലയിൽ കൃത്രിമം കാണിക്കുന്നതിനെതിരെ പരിശോധന നടത്താൻ ബന്ധപ്പെട്ട സർക്കാർ സ്ഥാപനങ്ങളുമായി സഹകരിക്കുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
#Traders #say #price #essential #items #increase #during #Ramadan