മക്ക: (gcc.truevisionnews.com) റമസാനിൽ തീർഥാടകരുടെ തിരക്കുവർധിക്കുന്നതിന്റെ ഭാഗമായി മക്ക ഹറമിലെ സുരക്ഷാപദ്ധതികളുടെ ഒരുക്കം പൂർത്തിയായി. പൊതുസുരക്ഷാ, ട്രാഫിക് വകുപ്പുകളുടെ സജ്ജീകരണങ്ങളെല്ലാം പൊതുസുരക്ഷ മേധാവി ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അൽ ബസ്സാമി പരിശോധിച്ചു.
തീർഥാടകർക്കും സന്ദർശകർക്കും ആശ്വാസത്തോടും സമാധാനത്തോടും അവരുടെ ആരാധനകൾ നിർവഹിക്കുന്നതിന് സൗകര്യവും സംരക്ഷണവും ഒരുക്കാൻ വിപുലമായ പദ്ധതികളാണ് വിവിധ സുരക്ഷാവകുപ്പുകൾക്ക് കീഴിൽ പൂർത്തിയാക്കിയിരിക്കുന്നത്.
ഹറമിനുള്ളിലെ വഴികളിലെയും പുറത്തെ മുറ്റങ്ങളിലെയും സുരക്ഷാക്രമീകരണങ്ങൾ പരിശോധിക്കുകയും സുരക്ഷാപദ്ധതികൾ നടപ്പാക്കുന്നതിനുള്ള സംവിധാനങ്ങളും വിലയിരുത്തി. ഉംറ സുരക്ഷാസേനാ മേധാവികളുടെ സാന്നിധ്യത്തിൽ തീർഥാടകർക്ക് അവരുടെ ആരാധനകൾ ആശ്വാസത്തോടും സമാധാനത്തോടും നിർവഹിക്കുന്നതിനുള്ള സുരക്ഷ, ട്രാഫിക് പദ്ധതികൾ പൊതുസുരക്ഷ മേധാവി അവലോകനം ചെയ്തു.
സൗദി ഡേറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി (സദിയ)യുമായി ഏകോപിപ്പിച്ചാണ് മക്കയിലെ ക്രൗഡ് മാനേജ്മെന്റ് സിസ്റ്റം പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്ലാറ്റ്ഫോമുകളുമായി ബന്ധിപ്പിച്ചിരിക്കുന്ന ക്യാമറകൾ ജനത്തിരക്കും ആളുകളുടെ പെരുമാറ്റവും സൂക്ഷ്മമായി പിടിച്ചെടുത്ത് വിശകലനം ചെയ്യും.
ഇത് ക്രൗഡ് മൂവ്മെന്റ് മാനേജ്മെന്റ് മെച്ചപ്പെടുത്തുന്നതിന് സഹായിക്കും. അൽനൂരിയ, ശറായ എന്നിവിടങ്ങളിലും വാഹനങ്ങൾ പിടിച്ചിടുന്ന മറ്റു സ്ഥലങ്ങളിലും വെള്ളി, ശനി ദിവസങ്ങളിൽ കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത് പതിവാണ്.
അത്തരം സാഹചര്യങ്ങളിലും ആളുകളുടെ സുഗമമായ പ്രവേശനവും പുറത്തുകടക്കലും സഞ്ചാരവും ഉറപ്പാക്കാൻ ഇതിന് കൃത്യമായ സുരക്ഷയും ട്രാഫിക് പ്ലാനുകളും ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
#Ramadanrush #Comprehensive #security #Makkah #Haram #pilgrims