കുവൈത്ത് സിറ്റി : (gcc.truevisionnews.com) കഴിഞ്ഞ ദിവസം മൈദാൻ ഹവല്ലിയിൽ കൊല്ലപ്പെട്ട ഇന്ത്യക്കാരിയായ യുവതിയെ തിരിച്ചറിഞ്ഞു. കർണാടക ഹവേരി റണിബ്ബന്നൂർ (അദാവി അഞ്ചനേയ ബദാവനെ) സ്വദേശിനി മുബാഷിറ (34) ആണ് കഴുത്തിൽ കത്തി കുത്തിയിറക്കിയതിനെ തുടർന്ന് കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് ഇന്ത്യക്കാരനായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിയുടെ ചിത്രം അടക്കം ആഭ്യന്തര മന്ത്രാലയം ചൊവ്വാഴ്ച പുറത്തുവിട്ടിരുന്നു.
കൊലപാതക വിവരം മന്ത്രാലയത്തിന്റെ ഓപ്പറേഷൻ റൂമിൽ അറിഞ്ഞ ഉടൻ സുരക്ഷാ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ യുവതിയുടെ കഴുത്തിൽ കത്തി കുത്തിയിറക്കിയ നിലയിൽ കാണപ്പെട്ടു.
ഉടൻതന്നെ അന്വേഷണം ആരംഭിച്ചു. ദ്രുതഗതിയിലുള്ള അന്വേഷണത്തിൽ മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതിയിൽ നിന്ന് കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും കണ്ടെടുത്തു.
കൂടുതൽ അന്വേഷണത്തിനായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി. കൊലപാതകം ചെയ്യാനുള്ള സാഹചര്യം അടക്കം അന്വേഷിച്ചു വരികയാണ്. മുബാഷിറയുടെ മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള നടപടികൾ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു വരുന്നു. സയ്യിദ് ജാഫർ ആണ് ഭർത്താവ്. റസൂൽഖാനും നസീമാബാനുവുമാണ് മാതാപിതാക്കൾ.
#Indian #woman #stabbed #death #Kuwait #identified #suspect #Indian