ദോഹ: (gcc.truevisionnews.com) ഖത്തറിന്റെ ആകാശത്ത് ഏപ്രിൽ മാസത്തിൽ അപൂർവ ആകാശ വിസ്മയം ദർശിക്കാൻ അവസരം. നാല് ഗ്രഹങ്ങൾ ചന്ദ്രനുമായി നേർരേഖയിൽ വരുന്ന അപൂർവ ആകാശ കാഴ്ച്ച ഖത്തറിൽ ദൃശ്യമാകുമെന്ന് ഖത്തർ കലണ്ടർ ഹൗസ് അറിയിച്ചു.
ഖത്തർ നിവാസികൾക്ക് വൈകുന്നേരങ്ങളിൽ ആകാശത്ത് നഗ്നനേത്രം കൊണ്ട് ചൊവ്വയെ ദർശിക്കാൻ സാധിക്കും. ഈ കാലയളവിൽ ശുക്രൻ, ശനി, ബുധൻ എന്നിവയെ പുലർച്ചെ ആകാശത്ത് കാണാം.
ഏപ്രിൽ അഞ്ച് ശനിയാഴ്ച വൈകീട്ട് ചൊവ്വ ഗ്രഹം ചന്ദ്രനോട് ഏറ്റവും അടുത്തായിരിക്കും. തെക്കൻ ചക്രവാളത്തിലേക്ക് നോക്കിയാൽ നഗ്നനേത്രങ്ങൾകൊണ്ട് ചൊവ്വയെയും ചന്ദ്രനെയും ഒരുമിച്ച് കാണാൻ കഴിയും.
സൂര്യാസ്തമയത്തിനുശേഷം വൈകീട്ട് 5.53ന് മുതൽ അടുത്ത ദിവസം പുലർച്ചെ 1.18 വരെ ഈ കാഴ്ച കാണാം. ഏപ്രിൽ 25 വെള്ളിയാഴ്ച പുലർച്ചെ ശുക്രനും ശനിയും ചന്ദ്രന് സമീപമെത്തും.
ഈ സമയം ശുക്രന്റെയും ശനിയുടെയും ഇടയിലായിരിക്കും ചന്ദ്രൻ. കിഴക്കൻ ചക്രവാളത്തിലേക്ക് നോക്കിയാൽ ഈ വിന്യാസം നിരീക്ഷിക്കാൻ കഴിയും. പുലർച്ചെ 3.17 മുതൽ സുര്യോദയത്തിന് തൊട്ടുമുമ്പ് വരെ ഈ ദൃശ്യം സാധ്യമാകും.
ഏപ്രിൽ 26 ശനിയാഴ്ച രാവിലെ ബുധൻ ചന്ദ്രനുമായി നേർരേഖയിലെത്തും. കിഴക്കൻ ചക്രവാളത്തിൽ നഗ്നനേത്രങ്ങൾ കൊണ്ട് ബുധനെയും ചന്ദ്രനെയും കാണാൻ കഴിയും. പ്രകാശം കുറഞ്ഞതും അന്തരീക്ഷ മലിനീകരണം ഇല്ലാത്തതുമായ സ്ഥലങ്ങളിലായിരിക്കും ഇവ നന്നായി ദൃശ്യമാവുക.
ഈ ഗ്രഹ വിന്യാസം ഒരു സ്വാഭാവിക പ്രതിഭാസം മാത്രമാണെന്നും ഭൂമിയെ ബാധിക്കില്ലെന്നും ഖത്തർ കലണ്ടർ ഹൗസ് അറിയിച്ചു.
#Mars #naked #eye #rare #planetary #alignment #Qatar